'നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല, വളരെ ​ഗൗരവമേറിയ സംഭവം'; അഭിഭാഷകനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരത്ത് സീനിയർ അഭിഭാഷകൻ്റെ ക്രൂര മർദനത്തിനിരയായ അഭിഭാഷകയെ സന്ദർശിച്ചു മന്ത്രി പി രാജീവ്. പാറശാല സ്വദേശി അഡ്വ. ശ്യാമിലി ജെ വിയെ ആണ് മന്ത്രി സന്ദർശിച്ചത്. വളരെ ഗൗരവമേറിയ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി.

May 15, 2025 - 08:06
'നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല, വളരെ ​ഗൗരവമേറിയ സംഭവം'; അഭിഭാഷകനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് മന്ത്രി
  • വളരെ ഗൗരവമേറിയ സംഭവമാണെന്ന് മന്ത്രി.
  • 'സീനിയർ അഭിഭാഷകനെ പിടികൂടാനുള്ള നടപടി പോലീസ് സ്വീകരിക്കും'.
  • 'അഭിഭാഷകനെതിരെ ബാർ കൗൺസിലിനെ സമീപിക്കും'.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റത് വളരെ ഗൗരവമേറിയ സംഭവമാണെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ്. കുറ്റവാളിയായ സീനിയർ അഭിഭാഷകനെ പിടികൂടാനുള്ള നടപടി പോലീസ് സ്വീകരിക്കും. ഗൗരവമായ അച്ചടക്ക ലംഘനത്തിന് അഭിഭാഷകനെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെടുമെന്നും മർദനമേറ്റ പാറശാല സ്വദേശി അഡ്വ. ശ്യാമിലി ജെ വിയെ സന്ദർശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സീനിയ‍ർ അഭിഭാഷകൻ ജൂനിയ‍ർ അഭിഭാഷകയോട് ഈ രീതിയിൽ പെരുമാറിയത് അങ്ങേയറ്റം ഗൗവരതരമാണെന്ന് മന്ത്രി പറഞ്ഞു. പോലീസ് കേസെടുത്ത് നടപടികളാരംഭിച്ചു. ഗൗരവമായ അച്ചടക്ക ലംഘനത്തിന് അഭിഭാഷകനെതിരെ ബാ‍ർ കൗൺസിലും നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യം സ‍ർക്കാ‍ർ ബാ‍ർ കൗൺസിലിനോട് ആവശ്യപ്പെടും. നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.

ജൂനിയ‍ർ അഭിഭാഷക‌‍ർക്കൊപ്പം നിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ജൂനിയർ അഭിഭാഷകരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പ്രത്യേക സ്റ്റൈപ്പൻ്റ് ഉൾപ്പെടെ നൽകാൻ തീരുമാനമെടുത്തത് എൽഡിഎഫ് സർക്കാരാണ്. ജൂനിയർ അഭിഭാഷകരെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കുറ്റവാളിയെ പിടികൂടാനുള്ള നടപടി പോലീസ് സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വഞ്ചിയൂ‍ർ ത്രിവേണി ആശുപത്രി റോഡിലെ അഭിഭാഷക ഓഫീസിൽവെച്ചായിരുന്നു വഞ്ചിയൂ‍ർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിക്ക് ക്രൂര മർദനമേറ്റത്. സീനിയ‍ർ അഭിഭാഷകനായ പൂന്തുറ സ്വദേശി ബെയ്‍ലിൻ ദാസ് ആണ് യുവതിയെ മർദിച്ചത്. അടിയേറ്റ് യുവതിയുടെ കണ്ണിനും താടിയെല്ലിനും പരിക്കേറ്റു. കൈകൊണ്ടും നിലം തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്സ്റ്റിക്കുകൊണ്ടുമാണ് ബെയ്‍ലിൻ ദാസ് ശ്യാമിലിയെ മർദിച്ചത്.

മൂന്നര വർഷമായി ബെയ്‍ലിൻ ദാസിൻ്റെ കീഴിൽ ജൂനിയറായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു ശ്യാമിലി. ഒരാഴ്ച മുൻപ് ശ്യാമിലിയെ പുറത്താക്കിയതായി ബെയ്‍ലിൻ അറിയിച്ചിരുന്നു. രണ്ട് ദിവസം മുൻപ് വീണ്ടും വിളിച്ച ബെയ്‍ലിൻ ശ്യാമിലിയോട് ക്ഷമ ചോദിക്കുകയും തിരികെ ജോലിയിൽ പ്രവേശിക്കാൻ നി‍ർബന്ധിക്കുകയും ചെയ്തു. ജോലിക്കെത്തിയ ശ്യാമിലി തന്നെ പുറത്താക്കാനുള്ള കാരണം ചോദിക്കുന്നതിനിടെയാണ് ബെയ്ലിൻ ക്രൂരമായി മർദിച്ചത്.

അതിക്രമത്തെ തുടർന്ന് ബെയ്‍ലിൻ ദാസിനെ ബാർ അസോസിയേഷൻ അംഗത്വത്തിൽനിന്ന് പുറത്താക്കി. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും യുവജന കമ്മീഷനും കേസെടുത്തു. ബിഎൻഎസ് 74, 126 (1), 115 (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ബെയ്‍ലിൻ ദാസിനെതിരെ കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0