ജില്ലാ കോൺഗ്രസ് കൺവൻഷനിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിന് നാവ് പിഴ.
ജില്ലാ കോൺഗ്രസ് കൺവൻഷനിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിന് നാവ് പിഴ.

തൊടുപുഴ: ജില്ലാ കോൺഗ്രസ്കൺവൻഷനിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിന് നാവ് പിഴ. ആ നാവ് പിഴ ഏറ്റുപിടിച്ച് ഇടുക്കിയിലെ കോൺഗ്രസിനെയും പ്രസിഡന്റിനെയും ഇരുത്തി പൊരിച്ച് സണ്ണി ജോസഫും.ഡിസിസി പ്രസിഡന്റിന് തന്റെ സംസ്ഥാന പ്രസിഡന്റ് സണ്ണി ജോസഫ് സിറ്റിംങ്ങ് എംഎൽഎ ആണോ എക്സ് എംഎൽഎ ആണോ എന്നതിൽ നിശ്ചയമില്ലാതെ പോയതാണ് കൗതുകമായത്.ഡിസിസി പ്രസിഡന്റ് പ്രസംഗത്തിനിടെ സണ്ണി ജോസഫ് എക്‌സ് എംഎൽഎ എന്നാണ് അഭിസംബോധന ചെയ്തത്. ഇടുക്കിയിലെ നേതാവായ സിപി മാത്യുവിന് കണ്ണൂരിൽ ആരൊക്കെയാണ് പാർട്ടി എംഎൽഎമാർ എന്ന് അറിയാതെ പോകുന്നതിനെ കുറ്റം പറയാനാവില്ലല്ലോ. മാത്രമല്ല, മാത്യുവിന്റെ പ്രായം കൂടി പരിഗണിക്കുകയും വേണം. ഓർമ്മപിശക് ഒക്കെ ആകാം.
പക്ഷേ, ദിവസങ്ങൾക്ക് മുമ്പ് കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റപ്പോൾ അദ്ദേഹം പേരാവൂർ എംഎൽഎ ആണെന്നും 3 തവണയായി അവിടെ തുടർച്ചയായി ജയിച്ചു വരികയാണെന്നും കെകെ ശൈലജയെ തോൽപിച്ച നേതാവാണ് എന്നതുമൊക്കെ സകലമാന മാധ്യമങ്ങളിലും ചർച്ചയായിരുന്നതാണ്. അതൊന്നും സിപി മാത്യുവിന് ഓർമ്മയില്ലാതെ പോയി.
എന്തായാലും തുടർന്ന് പ്രസംഗിച്ച കെപിസിസി പ്രസിഡൻ്റ്, താൻ അതിന് സിപി മാത്യുവിനെ കുറ്റപ്പെടുത്തുന്നില്ലെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്.കാരണം, സിപി മാത്യുവിന് തന്റെ ജില്ലയിൽ എക്സസ് എംഎൽഎമാരെ മാത്രമേ പരിചയമുള്ളു എന്നും എന്നാൽ ഇനി അങ്ങനെ ആകാൻ പാടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പാർട്ടിക്ക് ജില്ലയിൽ എംഎൽഎമാർ ഉണ്ടാകണമെന്നും അതില്ലാത്തതുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് എക്സ് എംഎൽഎ എന്ന് ഉരിയാടി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രസംഗത്തിൽ ഡിസിസി പ്രസിഡന്റുമാരുടെ മാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് സിപി മാത്യു നടത്തിയ പരാമർശവും ശ്രദ്ധേയമായി. കത്തോലിക്കരുടെ വിശുദ്ധ കുർബാന മധ്യേ, 'ഇനിയൊരു ബലി അർപ്പിക്കുവാൻ താൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ..' എന്ന് പറയുന്നതുപോലെ ഇനി ഇതുപോലെ മറ്റൊരു കോൺഗ്രസ് കൺവൻഷനിൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് തനിക്കറിഞ്ഞുകൂടാ. എന്നായിരുന്നു മാത്യുവിന്റെ പരിഭവം.
മാറിയാലും ഇല്ലെങ്കിലും ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച റിസൾട്ട് ഉണ്ടാക്കാൻ കഴിയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
What's Your Reaction?






