ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർക്ക് എങ്ങനെ ഇസ്രായേൽ വിടാം? ഈ രണ്ട് മാർഗങ്ങളെന്ന് അംബാസഡർ

Jun 18, 2025 - 08:28
ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർക്ക് എങ്ങനെ ഇസ്രായേൽ വിടാം? ഈ രണ്ട് മാർഗങ്ങളെന്ന് അംബാസഡർ

ന്യൂഡൽഹി: ഇറാൻ - ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിൽ തുടരുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായം സൽകുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. രാജ്യം വിടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് ടെൽ അവീവിലെ ഇന്ത്യൻ എംബസി ആവശ്യമായ ഏകോപനം നടത്തുന്നുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സംവിധാനങ്ങൾ തയാറാണ്. ഇവർക്കായി കര - സമുദ്ര മാർഗങ്ങൾ സജ്ജമാണ്. വിദേശ പൗരന്മാർക്കും നയതന്ത്രജ്ഞർക്കുമായുള്ള ഒഴിപ്പിക്കൽ യാത്രാ മാർഗങ്ങൾ സജ്ജമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലവുമായി സമ്പർക്കത്തിലാണെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ റൂവൻ അസർ അറിയിച്ചു. ജോർദാൻ, ഈജിപ്ത് എന്നിവടങ്ങൾ വഴിയും ഇസ്രായേൽ തുറമുഖങ്ങൾ മുഖേനെയുമാകും മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരിച്ചയക്കുക.

ഇറാൻ്റെ ആണവപദ്ധതികൾ തകർക്കാൻ സാധിക്കുന്നതെല്ലാം ഇസ്രായേൽ ചെയ്യും. ഇസ്രായേലിന് ഭീഷണിയാകുന്ന ഇറാൻ്റെ ആണവശേഷി, മിസൈൽ ശേഷി എന്നിവ ഇല്ലാതാക്കും. അതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. വാഷിങ്ടണും ഇസ്രായേലും തമ്മിൽ മികച്ച ബന്ധമാണുള്ളത്. ഇസ്രായേൽ സ്വീകരിക്കുന്ന നടപടികളെ യുഎസ് പിന്തുണയ്ക്കുമെന്നാണ് താൻ കരുതുന്നത്. യുഎസ് ഇസ്രായേലിന് നൽകുന്ന സൈനിക - രാഷ്ട്രീയ പിന്തുണയ്ക്കും സഹായത്തിനും നന്ദിയുണ്ടെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ പറഞ്ഞു.

ഇറാൻ്റെ ആക്രമണം തുടരുന്നതിനാൽ ഇസ്രായേലിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ആശങ്കയോടെയാണ് കഴിയുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ പലരും ശ്രമം ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് ഇവർക്കായി സൗകര്യങ്ങൾ ഒരുക്കിയതായി റൂവൻ അസർ അറിയിച്ചത്. സമാനമായ സാഹചര്യം ഇറാനിലും തുടരുകയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ ഇറാനിലുണ്ട്. ഇവർക്കായി ഇറാനിലെ ഇന്ത്യൻ എംബസി നടപടികൾ സ്വീകരിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. സ്വന്തം റിസ്കിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് നഗരത്തിന് പുറത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിർദേശം നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0