ഇറാൻ ആക്രമണം അദാനിയുടെ ഹൈഫ തുറമുഖത്തെ ബാധിച്ചില്ല?

Jun 17, 2025 - 09:10
ഇറാൻ ആക്രമണം അദാനിയുടെ ഹൈഫ തുറമുഖത്തെ ബാധിച്ചില്ല?

ജെറുസലേം: അദാനിയുടെ ഹൈഫ തുറമുഖത്തെ ഇറാനിയൻ മിസൈൽ ആക്രമണങ്ങൾ ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കുന്നുണ്ടെന്ന് തുറമുഖവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചരക്കുകളുടെ കയറ്റുമതികളും ഇറക്കുമതികളും പ്രശ്നങ്ങളൊന്നും കൂടാതെ നടക്കുന്നുണ്ട്. ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നുവെങ്കിലും അത് തുറമുഖ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ഗൗരവമുള്ളവയല്ലെന്നാണ് പറയുന്നത്.

ഇറാനിയൻ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശനിയാഴ്ച രാത്രിയോടെ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഈ ആക്രമണം ഇസ്രായേലിന്റെ ഹൈഫ തുറമുഖത്തെയും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയെയും ലക്ഷ്യമിട്ടായിരുന്നു. തുറമുഖത്തെ കെമിക്കൽ ടെർമിനലിൽ ചില മിസൈൽ ഘടകഭാഗങ്ങൾ പതിച്ചിരുന്നു. എണ്ണ ശുദ്ധീകരണശാലയിലും സമാനമായ അനുഭവമുണ്ടായി. ഇവിടെയൊന്നു ആർക്കും പരിക്കില്ലെന്ന് തുറമുഖ അധികൃതർ അവകാശപ്പെട്ടുവെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

അദാനിയുടെ നിയന്ത്രണത്തിലുള്ള ഹൈഫ തുറമുഖത്തിൽ നിലവിൽ എട്ട് കപ്പലുകളുണ്ടെന്ന് തുറമുഖ വൃത്തങ്ങൾ പറയുന്നു. ചരക്ക് കയറ്റലും ഇറക്കലുമെല്ലാം സാധാരണ പോലെ നടക്കുന്നു. അതെസമയം ഏജൻസി റിപ്പോർട്ടുകളിൽ അദാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതികരണം ഇല്ല. അദാനി ഗ്രൂപ്പിൽ നിന്ന് പ്രതികരണമൊന്നും ലഭ്യമായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അഭിപ്രായവും നൽകിയില്ല. അഭിപ്രായങ്ങൾക്കായി ഇസ്രായേൽ സർക്കാർ അധികൃതരെ ഉടൻ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ഇസ്രായേലിന്റെ ഇറക്കുമതിയുടെ 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന നിർണായക സമുദ്രവ്യാപാര കേന്ദ്രമാണ് ഹൈഫ തുറമുഖം. തുറമുഖത്തിന്റെ 70 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിന്റേതാണ്.

അതെസമയം തുറമുഖത്തിനടുത്തുള്ള എണ്ണ ശുദ്ധീകരണശാലയിൽ മിസൈലാക്രമണം എത്രത്തോളം കേടുപാടുകൾ വരുത്തിയെന്നത് വ്യക്തമല്ല. ഇതെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. രണ്ട് എണ്ണ ശുദ്ധീകരണശാലകൾ ഇസ്രായേൽ ആക്രമിച്ചതായി ഇറാൻ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0