യുകെയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങള്‍; വ്യക്തിഗത കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി നോര്‍ക്ക
നോർക്ക റൂട്ടിൻ്റെ നേതൃത്വത്തിൽ സൈക്യാട്രി ഡോക്ടേഴ്സിനായി അഭിമുഖം സംഘടിപ്പിക്കുന്നു. എൻഎച്ച്എസ് സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥലങ്ങളിലാണ് അവസരം ലഭിക്കുക. വിവരങ്ങൾ വിശദമായി അറിയാം

ഹൈലൈറ്റ്:
- യുകെയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങള്‍
- സൈക്യാട്രിസ്റ്റ് ഡോക്ടേഴ്സിനായി അഭിമുഖം
- അവസരമൊരുക്കി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: യുകെ എന്‍എച്ച്എസ് (NHS) സേവനങ്ങള്‍ ലഭ്യമാക്കുന്ന നാവിഗോ, ടീസ് എസ്ക് ആൻഡ് വെയർ വാലി ട്രസ്റ്റുകളില്‍ സൈക്യാട്രി ഡോക്ടര്‍മാര്‍ക്ക് അവസരം. ഇതിനായി നോര്‍ക്ക റൂട്ട്സിൻ്റെ നേതൃത്വത്തില്‍ സൈക്യാട്രി ഡോക്ടര്‍മാര്‍ക്കായി വ്യക്തിഗത കൂടിക്കാഴ്ച സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദില്‍ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 22, 23 തീയയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് അവസരം.
വേദി താജ് കൃഷ്ണ ബഞ്ചാര ഹില്‍സ്. സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജനുവരി 20 നകം അപേക്ഷ നല്‍കേണ്ടതാണ്. യുകെയിലെ തൊഴില്‍ സാധ്യതകള്‍, ശമ്പളമുള്‍പ്പെടയുളള ആനുകൂല്യങ്ങള്‍ ഉപരിപഠനസാധ്യതകള്‍ എന്നിവയെല്ലാം വ്യക്തമാക്കുന്നതാകും കൂടിക്കാഴ്ച.
കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പിന്നീട് അഭിമുഖത്തിന് അവസരം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെൻ്ററിൻ്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
പ്രവാസികള്‍ ഇന്ത്യയുടെ അംബാസഡര്‍മാര്‍: പ്രധാനമന്ത്രി മോദി
ഒഡീഷയിലെ ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്സ്പ്രസിൻ്റെ ഉദ്ഘാടന യാത്രയും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. എവിടെയായിരുന്നാലും, പ്രതിസന്ധി സാഹചര്യങ്ങളിൽ പ്രവാസികളെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1915 ൽ ഈ ദിവസമാണ് മഹാത്മാ ഗാന്ധി ദീർഘനാളത്തെ വിദേശവാസത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയത്. പ്രവാസികള്‍ ഇന്ത്യയുടെ അംബാസഡർമാരാണ്. നൈപുണ്യമികവുളളവര്‍ക്കായുളള ലോകത്തിൻ്റെ ആവശ്യം നിറവേറ്റിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തൊഴില്‍ വൈദഗ്ധ്യമുള്ള ജനതയായി പതിറ്റാണ്ടുകളോളം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായ ട്രിനിഡാഡ് & ടൊബാഗോ റിപ്പബ്ലിക് പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂ വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു.
ഒഡീഷ ഗവർണർ ഡോ. ഹരി ബാബു കമ്പംപതി, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി, കേന്ദ്ര മന്ത്രിമാരായ എസ് ജയശങ്കർ, അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ, ജുവൽ ഓറാം, കേന്ദ്ര സഹമന്ത്രിമാരായ ശോഭ കരന്ദ്ലജെ, കീർത്തി വർദ്ധൻ സിങ് എന്നിവരും വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ നിന്നും നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി ബി സുനിൽ കുമാർ, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി ടി, റിക്രൂട്ട്മെൻ്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗ പ്രതിനിധി സംഘമാണ് പ്രവാസിഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.
What's Your Reaction?






