ശ്രേയസ് അയ്യര്‍ ബിസിസിഐ കേന്ദ്ര കരാര്‍ ഉറപ്പിച്ചു; ഇഷാന്‍ കിഷനെ പരിഗണിക്കില്ലെന്നും റിപോര്‍ട്ട്

ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ബിസിസിഐയുടെ ശക്തമായ നടപടിക്ക് വിധേയരായ താരങ്ങളാണ് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും. 2024ല്‍ ഇരുവരും ബിസിസിഐ കേന്ദ്ര കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. അടുത്ത സീസണിലേക്കുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലിസ്റ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിസിസിഐ പുറത്തുവിടും.
ബിസിസിഐയുടെ നടപടി വന്ന ശേഷം ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായിരുന്നു. കഴിഞ്ഞ സീസണിലും ഇരുവരും ആഭ്യന്തര മല്‍സരങ്ങളില്‍ സജീവമാവുകയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ശ്രേയസും ഇഷാനും ഇത്തവണ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുമെന്നായിരുന്നു ഇതുവരെ വന്ന സൂചനകള്‍.
ഇഷാന്‍ കിഷന്‍ ഇത്തവണയും വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായേക്കുമെന്ന് സ്‌പോര്‍ട്‌സ് തക് പുറത്തുവിട്ട പുതിയ റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ശ്രേയസ് അയ്യര്‍ കേന്ദ്ര കരാര്‍ ഉറപ്പിച്ചുവെന്നും റിപോര്‍ട്ട് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ബിസിസിഐ കേന്ദ്ര കരാര്‍ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അന്ന് ഇന്ത്യന്‍ ടീമിലെ സ്ഥിരം അംഗങ്ങളായിരുന്ന ശ്രേയസും ഇഷാനും പുറത്തായത് വലിയ ചര്‍ച്ചയായിരുന്നു.
പുതിയ വാര്‍ഷിക കരാറില്‍ മൂന്ന് സീനിയര്‍ താരങ്ങള്‍ എ പ്ലസ് കാറ്റഗറിയില്‍ ഉണ്ടാവുമെന്ന് കരുതുന്നു. ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും എ+ കരാറുകള്‍ വീണ്ടും നേടും. ജസ്പ്രീത് ബുംറയാണ് എ പ്ലസ് കാറ്റഗറി ഉറപ്പിച്ച മറ്റൊരു താരം.
What's Your Reaction?






