കേരളാ കോൺഗ്രസ് എമ്മിന് കൂടുതൽ സീറ്റുകൾ ലഭിക്കുമോ? ചർച്ചയ്ക്ക് പാർട്ടി, യുഡിഎഫിലേക്കില്ലെന്ന് ജോസ് കെ മാണി

കോട്ടയം: വരുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കേരളാ കോൺഗ്രസ് (എം). വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹതപ്പെട്ട സീറ്റുകൾ ലഭിക്കാതെ പോയി. ചർച്ചകൾ വേഗത്തിൽ നടന്നതാണ് ഇതിന് കാരണമായതെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ പറഞ്ഞു.
യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് (എം) പാർട്ടിയെ പുറത്താക്കുകായായിരുന്നു. പിന്നാലെ പെട്ടെന്നാണ് പാർട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത്. അതിനാൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കാൻ സാധിക്കാതെ പോയി. അർഹതപ്പെട്ട പല സീറ്റുകളും പലയിടത്തും ലഭിക്കാതെ പോകുകയും ചെയ്തു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമാണ്. നമുക്ക് അർഹതപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ സീറ്റുകൾ ലഭിക്കാനുള്ള ചർച്ചയാകും നടത്തുകയെന്നും ജോസ് കെ മാണി പറഞ്ഞു.
ഇടത് മുന്നണിയേയും പാർട്ടിയേയും ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ഇന്ന് കോട്ടയത്ത് ചേർന്ന പാർട്ടി സെക്രട്ടറിയറ്റ് യോഗത്തിൽ ചർച്ചയായതെന്ന് ജോസ് കെ മാണി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റിയെ വെക്കും. തീരദേശ, മലയോര, കാർഷിക മേഖലകളിലെ പ്രശ്നങ്ങൾ പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണിമാറ്റം സംബന്ധിച്ച ചർച്ചകളില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. എൽഡിഎഫിൽ പാർട്ടി തൃപ്തരാണ്. യുഡിഎഫിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയുമില്ല. വരാൻ പോകുന്ന തെദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ട്രാറ്റർജി എങ്ങനെ വേണമെന്ന് പരിശോധിക്കാനും ആലോചിക്കാനാണ് യോഗം വിളിച്ചത്. എല്ലാ കാര്യവും ചർച്ച ചെയ്യും. സംസ്ഥാനത്ത് രാഷ്ട്രീയസാഹചാര്യം മാറിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
What's Your Reaction?






