കെ റൈസിനും പച്ചരിക്കും ഇനിയും വില കുറയും; ഓണക്കാലത്ത് ന്യായവിലയിൽ അരി ലഭ്യമാക്കും, നിർദേശം നൽകിയതായി ഭക്ഷ്യമന്ത്രി

Jul 4, 2025 - 11:43
കെ റൈസിനും പച്ചരിക്കും ഇനിയും വില കുറയും; ഓണക്കാലത്ത് ന്യായവിലയിൽ അരി ലഭ്യമാക്കും, നിർദേശം നൽകിയതായി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചരിക്കും കെ റൈസിനും ഇനിയും വില കുറയുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. നിലവിൽ സപ്ലൈകോയിൽ പച്ചരി 29 രൂപയ്ക്കും കെ റൈസ് 33 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിലും കുറഞ്ഞ നിരക്കിൽ അരി ലഭ്യമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന് ആവശ്യമായ നടപടികൾക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കും. ഓണം പോലുള്ള ഉത്സവകാലത്ത് പൊതുവിപണിയിൽ അരി വില ക്രമാതീതമായി ഉയരുന്നത് തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

1965 മുതൽ കേരളത്തിൽ സാർവത്രിക റേഷൻ സമ്പ്രദായം നിലനിന്നിരുന്നെങ്കിലും 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തോടെ 57 ശതമാനം ജനങ്ങൾ റേഷൻ പരിധിക്ക് പുറത്തായി. സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം 16.25 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. ഇതിൽ 10.27 ലക്ഷം മെട്രിക് ടൺ മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് സൗജന്യമായി നൽകുന്നു. ബാക്കി 3.98 ലക്ഷം മെട്രിക് ടൺ 8.30 രൂപ നിരക്കിൽ ടൈഡ് ഓവർ വിഹിതമായി ലഭിക്കുന്നു. ഈ അരി ഉപയോഗിച്ചാണ് മുൻഗണനേതര വിഭാഗത്തിന് റേഷൻ നൽകുന്നത്. നാണ്യവിളകളിലൂടെ രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ഒരു ഭക്ഷ്യകമ്മി സംസ്ഥാനമാണ് കേരളം. ഭക്ഷ്യസുരക്ഷാ നിയമത്തോടെ പൊതുവിപണിയിൽ അരി വില നിയന്ത്രിക്കുന്നത് ശ്രമകരമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0