ഹിറ്റായി കെഎസ്ആർടിസി ട്രാവൽ കാർഡ്, വൈകാതെ വിപണിയിലേക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ് യാത്രക്കാർക്കിടയിൽ ഹിറ്റാകുന്നു. ഒരു ലക്ഷം ട്രാവൽ കാർഡുകൾ പുറത്തിറക്കിയതിൽ നാൽപതിനായിരത്തിലധികം കാർഡുകൾ വിറ്റുപോയി. വൈകാതെ വിപണിയിലേക്കും ട്രാവൽ കാർഡ് ഇറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. നിലവിൽ കണ്ടക്ടർമാരുടെ പക്കൽനിന്ന് യാത്രക്കാർക്ക് ട്രാവൽ കാർഡ് സ്വന്തമാക്കാം. കണ്ടക്ടർക്ക് തന്നെ മുൻകൂറായി പണം നൽകി കാർഡ് റീച്ചാർജ് ചെയ്യാം.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനുമാണ് കെഎസ്ആർടിസി ട്രാവൽ കാർഡ് പുറത്തിറക്കിയത്. ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയതാണ് ട്രാവൽ കാർഡ്. യാത്രക്കാർക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും ട്രാവൽ കാർഡിലൂടെ പരിഹരിക്കപ്പെടും. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽനിന്നും ട്രാവൽ കാർഡ് സ്വന്തമാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാർഡിൻ്റെ നിരക്ക് 100 രൂപയാണ്. പൂജ്യം ബാലൻസിലാണ് കാർഡ് ലഭിക്കുന്നത്. ഒരു വർഷമാണ് കാലാവധി.
കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തി വാങ്ങണം.
കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.
കാർഡ് പ്രവർത്തിക്കാതെവന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും, അഡ്രസും, ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക, അഞ്ച് ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടും.
കേടുപാടുകൾ ( ഓടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റിനൽകില്ല.
ട്രാവൽ കാർഡിന് വലിയ സ്വീകാര്യത: മന്ത്രി ഗണേഷ് കുമാർ
കെഎസ്ആർടിസിയുടെ ട്രാവൽ കാർഡിന് വലിയ സ്വീകാര്യത ലഭിക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ഒരു ലക്ഷം കാർഡ് അച്ചടിച്ചതിൽ നാൽപതിനായിരത്തിലധികം കാർഡുകൾ വിറ്റുപോയി. യാത്രക്കാർ മുൻകൂറായി കാർഡിൽ തുക നിക്ഷേപിക്കുന്നുണ്ട്. ഇതോടെ ബാലൻസിനെച്ചൊലിയുള്ള പരാതികളൊന്നുമില്ല. മുഴുവൻ ഡിപ്പോകളിൽ നിന്നും കാർഡ് നല്ലതുപോലെ വിറ്റുപോകുന്നുണ്ട്. അടുത്തതായി വിപണിയിലേക്കും കാർഡ് ഇറക്കും. കാർഡ് വിൽക്കുന്ന കച്ചവടക്കാർക്കും ലാഭം ലഭിക്കും. ഇതുവഴി കൂടുതൽ കാർഡുകൾ വിറ്റുപോകുമെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?






