സ്കൂൾ സമയമാറ്റം: ഏതെങ്കിലും വിഭാഗത്തിൻ്റെ ആനുകുല്യം ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല, മുഖ്യമന്ത്രിയെ കാണാൻ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹൈസ്കൂൾ പഠന സമയമാറ്റ വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പഠന സമയം പരിഷ്കരിക്കുന്നതിനെതിരെ സമസ്ത രംഗത്തെത്തിയ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യം ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിച്ചു. അക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രശ്നം ആവശ്യമില്ലാതെ വഷളാക്കിയിരിക്കുകയാണ്. നമുക്ക് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നമെന്നും വി ശിവൻകുട്ടി ചോദിച്ചു ഇപ്പോൾ തന്നെ പല സ്കൂളുകളിലും ഈ സമയ ക്രമീകരണമുണ്ട്. സമയം കൂടുതൽ വേണ്ട ഒരു കാലഘട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂൾ സമയക്രമത്തിൽ മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ രംഗത്ത് എത്തിയിരുന്നു. സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ഈ ബുദ്ധിമുട്ട് മനസിലാക്കിക്കൊണ്ടുള്ള മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സാഹചര്യത്തിലാണ് വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനുള്ള തീരുമാനം.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാകും സമയക്രമ മാറ്റം പിൻവലിക്കണമോയെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുക. സ്കൂൾ സമയം കൂട്ടി ഇന്നലെയാണ് സർക്കാർ ഉത്തരവിറക്കിയത്. ഹൈസ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ 9:45 മുതൽ വൈകീട്ട് 4:15 വരെയാണ് ആക്കിയിരിക്കുന്നത്
What's Your Reaction?






