വീണ്ടും നിപ മരണം; പാലക്കാട് സ്വദേശിയുടെ ഫലം പോസിറ്റീവ്, പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം

Jul 13, 2025 - 22:07
വീണ്ടും നിപ മരണം; പാലക്കാട് സ്വദേശിയുടെ ഫലം പോസിറ്റീവ്, പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ കേസ് മരണം. ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച കുമരംപുത്തൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ ഇയാളുടെ ഫലം പോസിറ്റീവായിരുന്നു. ഇതോടെ വിശദപരിശോധനയ്ക്ക് സാംപിൾ പൂനെയിലെ ലാബിലേക്ക് അയച്ചു.

ഇന്നലെ വൈകിട്ട് അഞ്ചുമണിക്കായിരുന്നു മരണം സംഭവിച്ചത്. തുടർന്ന് സ്രവം ശാസ്ത്രീയ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ഫലം പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ച് ഇയാളുടെ സംസ്കാര ചടങ്ങുകൾ നടത്തും. കഴിഞ്ഞ ഞാറയാഴ്ചയാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത്.

മരിച്ച രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് ക്വാറൻ്റൈനിൽ പ്രവേശിക്കാൻ അധികൃതർ നിർദേശം നൽകി. വിപുലമായ സമ്പർക്ക പട്ടിക തയാറാക്കും. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. എവിടെയൊക്കെ പോയി, ആരൊക്കെയായി സമ്പർക്കം പുലർത്തി എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തിയാകും റൂട്ട് മാപ്പ് തയാറാക്കുക. കഴിഞ്ഞ ഞാറയാഴ്ച രോഗലക്ഷണങ്ങൾ പ്രകടമായതോടെ മണ്ണാർക്കാട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ രോഗി ചികിത്സ തേടിയിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് രോഗി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ രോഗലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകിയത്.

നിപ മരണം സംഭവിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലേക്ക് കടന്നു. മരിച്ച രോഗിയുടെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് കണ്ടെയ്ൻമെൻ്റ് സോൺ വാർഡുകൾ പ്രഖ്യാപിക്കും. ഇന്ന് രാവിലെ ആരോഗ്യവകുപ്പ് അവലോകന യോഗം ചേരുന്നുണ്ട്. തുടർന്നാകും കൂടുതൽ നടപടിക്രമങ്ങളിലേക്ക് ആരോഗ്യവകുപ്പ് കടക്കുക. കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കുന്നതിലടക്കം വ്യക്തത യോഗത്തിൽ ഉണ്ടാകും. അതേസമയം, നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0