'ലക്ഷ്മണരേഖ കടന്നു'; ശശി തരൂരിനെ ഉന്നമിട്ട് നേതൃത്വം, വ്യക്തിപരമായ പരാമർശങ്ങളിൽ മുന്നറിയിപ്പ്

ശശി തരൂർ എംപിക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം. ഇന്ത്യ - പാകിസ്താൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി തുടർച്ചയായി നടത്തിയ പരാമർശങ്ങളിലാണ് മുന്നറിയിപ്പ്. പാർട്ടിയുടെ ഔദ്യോഗിക നിലപാടാണ് ഈ സമയം പറയേണ്ടതെന്ന് നേതൃത്വം.

May 15, 2025 - 07:53
'ലക്ഷ്മണരേഖ കടന്നു'; ശശി തരൂരിനെ ഉന്നമിട്ട് നേതൃത്വം, വ്യക്തിപരമായ പരാമർശങ്ങളിൽ മുന്നറിയിപ്പ്

ഹൈലൈറ്റ്:

  • ശശി തരൂർ എംപിക്ക് മുന്നറിയിപ്പ്.
  • ശശി തരൂർ ലക്ഷ്മണരേഖ കടന്നുവെന്ന് പാർട്ടി വൃത്തങ്ങൾ.
  • പാർട്ടിയുടെ ഔദ്യോഗിക നിലപാടാണ് ഈ സമയം പറയേണ്ടതെന്ന് നേതൃത്വം.

ന്യൂഡൽഹി: ഇന്ത്യ - പാകിസ്താൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി തുടർച്ചയായി നടത്തിയ പരാമർശങ്ങളിൽ ശശി തരൂർ എംപിക്ക് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകിയതായി സൂചന. ബുധനാഴ്ച ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തരൂരിന് മുന്നറിയിപ്പ് നൽകിയത്. ശശി തരൂരും യോഗത്തിൽ ഉണ്ടായിരുന്നു. ശശി തരൂർ ലക്ഷ്മണരേഖ കടന്നുവെന്ന് പാർട്ടി വൃത്തങ്ങൾ യോഗത്തിന് ശേഷം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, ജയറാം രമേശ്, സച്ചിൻ പൈലറ്റ്, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും ആളുകൾക്ക് അഭിപ്രായം പ്രകടിപ്പിക്കാമെന്നും പാർട്ടി വൃത്തങ്ങൾ യോഗത്തിന് ശേഷം പറഞ്ഞു. എന്നാൽ ഇത്തവണ ശശി തരൂർ ലക്ഷ്മണരേഖ കടന്നുവെന്നും അവർ വ്യക്തമാക്കി. പാർട്ടിയുടെ ഔദ്യോഗിക നിലപാടാണ് ഈ സമയം പറയേണ്ടതെന്നും വ്യക്തപരമായ കാഴ്ചപ്പാടല്ലെന്നും നേതൃത്വം യോഗത്തിൽ അറിയിച്ചു. ശശി തരൂരിൻ്റെ പേരെടുത്ത് പറയാതെ തരൂരിനെ ഉന്നംവെച്ചാണ് നേതൃത്വത്തിൻ്റെ പ്രതികരണം.

ഇന്ത്യ - പാകിസ്താൻ വെടിനിർത്തൽ ധാരണയ്ക്ക് മധ്യസ്ഥം വഹിച്ചുവെന്ന യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ അവകാശവാദത്തെ തുടർന്ന് കേന്ദ്രസർക്കാരിനോട് കടുത്ത ചോദ്യങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള താരതമ്യങ്ങൾ കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ സജീവമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും യുദ്ധം തുടരാൻ രാജ്യം ആഗ്രഹിച്ചിരുന്നില്ലെന്നുമായിരുന്നു തരൂരിൻ്റെ പ്രതികരണം.

ഇന്ദിരാ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള കോൺഗ്രസ് വിമർശനവും തരൂർ തള്ളി. നിലവിലെ സാഹചര്യം 1971ൽനിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയ തരൂർ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് അന്ന് നടന്നതെന്നും വ്യക്തമാക്കി. തരൂരിന്റെ പ്രതികരണം അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തോട് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജയറാം രമേശ് വ്യക്തമാക്കിയത്. തരൂർ സംസാരിക്കുമ്പോൾ പാർട്ടിയുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. റഷ്യ - യുക്രൈൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാടിനായിരുന്നു പ്രശംസ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0