രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അടക്കമാണ് അവധി
കൊച്ചി: രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 3) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്, അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ അവധി നൽകിയത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, കാലവർഷത്തിൽ ആലപ്പുഴ ജില്ലയിൽ ഒൻപത് വീടുകൾ പൂർണമായും 222 വീടുകൾ ഭാഗികമായും തകർന്നു.
അമ്പലപ്പുഴ താലൂക്കിൽ ഒൻപത് വീടുകളും ചേർത്തല താലൂക്കിൽ ഒരു വീടും കാർത്തികപ്പള്ളി താലൂക്കിൽ 150 വീടുകളും മാവേലിക്കര താലൂക്കിൽ 18 വീടുകളും ചെങ്ങന്നൂർ താലൂക്കിൽ 44 വീടുകളും ഭാഗികമായി തകർന്നു. കാർത്തികപ്പള്ളി താലൂക്കിൽ അഞ്ച് വീടുകളും ചെങ്ങന്നൂർ താലൂക്കിൽ നാല് വീടുകളും പൂർണമായും തകർന്നു.
കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം, ചേർത്തല താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 26 കുടുംബങ്ങളെയും അമ്പലപ്പുഴ താലൂക്കിലെ 21 ക്യാമ്പുകളിലായി 2,253 കുടുംബങ്ങളെയും കുട്ടനാട് താലൂക്കിൽ 15 ക്യാമ്പുകളിലായി 265 കുടുംബങ്ങളെയും ചെങ്ങന്നൂർ താലൂക്കിൽ 15 ക്യാമ്പുകളിലായി 135 കുടുംബങ്ങളെയും മാവേലിക്കര താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 15 കുടുംബങ്ങളെയും കാർത്തികപ്പള്ളി താലൂക്കിൽ 12 ക്യാമ്പുകളിലായി 263 കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0