സൂട്ട്കേസിനുള്ളിൽ നിന്ന് കണ്ടെത്തിയത് ഒഡീഷക്കാരിയുടെ മൃതദേഹം; കൂടുതൽ മൃതദേഹഭാഗങ്ങൾ പാചകം ചെയ്യുന്ന പാത്രത്തിനുള്ളിൽ നിന്നും, ആഗ്രയിൽ നടന്നത് ഞെട്ടിക്കുന്ന കൊലപാതകം

റിപ്പോർട്ട് :ബൈഷികുമാർ

Aug 23, 2026 - 22:26
സൂട്ട്കേസിനുള്ളിൽ നിന്ന് കണ്ടെത്തിയത് ഒഡീഷക്കാരിയുടെ മൃതദേഹം; കൂടുതൽ മൃതദേഹഭാഗങ്ങൾ പാചകം ചെയ്യുന്ന പാത്രത്തിനുള്ളിൽ നിന്നും, ആഗ്രയിൽ നടന്നത് ഞെട്ടിക്കുന്ന കൊലപാതകം

ആഗ്രയിൽ ട്രെയിനിലെ സൂട്ട്കേസിനുള്ളിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഗുഡുവാഞ്ചേരിയിലുള്ള ഒരു വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിൽ, പാചകം ചെയ്യുന്ന പാത്രത്തിനുള്ളിൽ നിന്നും കൂടുതൽ ജീർണ്ണിച്ച മൃതദേഹഭാഗങ്ങൾ കണ്ടെടുത്തു.

കൊല്ലപ്പെട്ടത് ഒഡീഷ സ്വദേശിനിയായ 38 വയസ്സുകാരി ഹയൂതൻ നിഷ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി മുറിച്ചതെന്ന് സംശയിക്കുന്ന രണ്ട് പേരെക്കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചു. മണിക് ഉദ്ദീൻ ലസ്കർ, ഭഗബതി മാജി എന്നിവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 5-ന് ചെന്നൈ സെൻട്രലിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം നടന്നത്. ആഗ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിനിലെ ഒരു സൂട്ട്കേസിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായി യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ജീർണ്ണിച്ച ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആഗ്ര റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയാസ്പദമായ രീതിയിൽ രണ്ടുപേരെ കണ്ടെത്തുകയും ചെയ്തു. ഈ വിവരങ്ങൾ ചെന്നൈ സെൻട്രൽ റെയിൽവേ പൊലീസിന് കൈമാറിയതിനെ തുടർന്ന്, സമാനമായ ഒരു ട്രോളി ബാഗുമായി ഈ പ്രതികൾ ചെന്നൈ സെൻട്രലിൽ നിന്ന് ട്രെയിനിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു.ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ചെന്നൈയിലെ ഗുഡുവാഞ്ചേരിയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയത്. ഈ വീട്ടിൽ പ്രാദേശിക പൊലീസ് നടത്തിയ പരിശോധനയിലാണ് പാചകം ചെയ്യുന്ന വലിയൊരു പാത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നിലവിൽ പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം വ്യക്തമാകൂ എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ കണ്ടെടുത്ത ശരീരഭാഗങ്ങൾ ഒരേ വ്യക്തിയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ട്. കൊല്ലപ്പെട്ട നിഷയുടെ മകൻ നൽകിയ പരാതിയിൽ പൊലീസ് നിലവിൽ കാണാതായ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0