യുഡിഎഫിലേയ്ക്കില്ല, നിലമ്പൂരിൽ മത്സരിക്കാനുമില്ലെന്ന് പിവി അൻവർ

യുഡിഎഫിലേയ്ക്കില്ല, നിലമ്പൂരിൽ മത്സരിക്കാനുമില്ലെന്ന് പിവി അൻവർ

May 31, 2025 - 09:47
യുഡിഎഫിലേയ്ക്കില്ല, നിലമ്പൂരിൽ മത്സരിക്കാനുമില്ലെന്ന് പിവി അൻവർ

ഹൈലൈറ്റ്:

ഇനി യുഡിഎഫിലേക്കില്ലെന്ന് അൻവർ

നിലമ്പൂരിൽ മത്സരിക്കാനുമില്ല

നിലപാട് വ്യക്തമാക്കി തൃണമൂൽ നേതാവ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ട്, എന്നാല്‍ കൈയില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

യുഡിഎഫിൽ ഘടകകക്ഷി ആക്കിയില്ലെങ്കിൽ നിലമ്പൂരിൽ മത്സരിക്കുമെന്നായിരുന്നു പിവി അൻവർ കഴിഞ്ഞദിവസം വരെ പറഞ്ഞിരുന്നത്. എന്നാൽ യുഡിഎഫ് പ്രവേശനം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച അന്‍വര്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. അൻവർ ഇല്ലാതെ യുഡിഎഫ് ജയിക്കില്ല. സതീശൻ്റെ വാശിക്ക് യുഡിഎഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും താന്‍ വീട്ടിലും അങ്ങാടിയിലും ചെന്നിരിക്കാന്‍ പോകുകയാണെന്നും അന്‍വര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആരെയും കണ്ടല്ല താന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പിണറായിസത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിയ എന്നെ സഹായിക്കാന്‍ യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ തയ്യറായില്ല. മറ്റു ചില ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് അന്‍വറിനെ പരാജയപ്പെടുത്തുക എന്ന മുദ്രാവക്യമുയര്‍ത്തി പോകുകയാണ്.

ആരെയും കണ്ട് ഇറങ്ങി വന്നവനല്ല ഞാന്‍. ഇറങ്ങി വന്നത് ദൈവത്തേയും ഈ നാട്ടിലെ ജനങ്ങളേയും കണ്ടിട്ടാണ്. അവരിലാണ് പ്രതീക്ഷ. ഭൂരിപക്ഷം കൊണ്ട് ഭയപ്പെടരുത്, നീതിക്ക് വേണ്ടി നിലകൊള്ളണമെന്നാണ് മതഗ്രന്ഥങ്ങളിലെല്ലാം പറയുന്നത്. പിണറായിസത്തിന്‍റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു.

ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെട്ട് അധികാരത്തിൻ്റെ അപ്പക്കഷ്ണത്തിന് വേണ്ടി പിണറായിസത്തിനും സര്‍ക്കാരിനുമെതിരേ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍നിന്ന് പിന്‍വാങ്ങുന്നില്ല. ശത്രുവിൻ്റെ മിത്രമാണ് ഇപ്പുറത്തുമുള്ളത് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായിക്കൊള്ളും. അധികപ്രസംഗിയായി തന്നെ തുടരും. യുഡിഎഫിന് അകത്ത് വന്നാലും അന്‍വര്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കും. ചില ആളുകള്‍ക്ക് പല ഏര്‍പ്പാടും ഉണ്ടാകും. അവര്‍ക്ക് ഞാന്‍ തടസ്സമാകും. അതിനാല്‍ അവര്‍ക്ക് എന്നെ അവസാനിപ്പിക്കണമെന്നും അന്‍വര്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0