കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി പച്ചക്കറി കടയിൽ വെട്ടേറ്റ് മരിച്ച നിലയിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 30, 2026 - 13:30
കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി പച്ചക്കറി കടയിൽ വെട്ടേറ്റ് മരിച്ച നിലയിൽ

എറണാകുളം കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിൽ തമിഴ്‌നാട് സ്വദേശിയായ മധ്യവയസ്കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ മാഹിൻ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ രാത്രി മാഹിനും കസ്റ്റഡിയിലായ മറ്റ് രണ്ട് പേരും കടയ്ക്ക് സമീപമിരുന്ന് മദ്യപിച്ചിരുന്നതായും, ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ രണ്ടുപേരും കുമ്പളങ്ങി സ്വദേശികൾ തന്നെയാണ്.കഴിഞ്ഞ കുറെ വർഷങ്ങളായി കുമ്പളങ്ങി ഭാഗത്ത് താമസിച്ചു വരികയായിരുന്നു കൊല്ലപ്പെട്ട മാഹിൻ. കുടകൾ നന്നാക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നത്. പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ, പച്ചക്കറിക്കട ഉടമ തന്നെയാണ് മാഹിനോട് രാത്രി കടയ്ക്കുള്ളിൽ കിടക്കാൻ അനുവാദം നൽകിയിരുന്നത്. കടയ്ക്കുള്ളിൽ കിടന്നുറങ്ങുന്നതിനിടെയാണ് ഇന്ന് പുലർച്ചെയോടെ ആക്രമണം നടന്നതെന്ന് പോലീസ് കരുതുന്നു.

നിലവിൽ കുമ്പളങ്ങി പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വിശദമായ പരിശോധനകൾ നടന്നു വരികയാണ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0