'മോഹൻലാൽ 'ദക്ഷിണേന്ത്യൻ സ്റ്റാറ'ല്ല, ഇന്ത്യൻ അഭിനയ ഇതിഹാസം': ശ്രീലങ്കൻ ടൂറിസം വകുപ്പിന് മറുപടി നൽകി മലയാളികൾ

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി മോഹൻലാൽ ശ്രീലങ്കയിലെത്തിയത് വാർത്തയായിരുന്നു. ശ്രീലങ്കൻ ടൂറിസം വകുപ്പാണ് ഈ വാർത്ത പുറത്തുവിട്ടത്. 'പാട്രിയറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ ശ്രീലങ്കയിൽ എത്തിയെന്നായിരുന്നു വാർത്ത. ചിത്രത്തിന്റെ പേര് പുറത്തുവിട്ടതും മറ്റും ആരാധകർക്കിടയിൽ പ്രതിഷേധമുണ്ടാക്കിയെങ്കിലും ഇപ്പോൾ മോഹൻലാൽ ആരാധകരെ ഏറെ പ്രകോപിതരാക്കിയിരിക്കുന്നത് മറ്റൊരു കാര്യമാണ്. മോഹൻലാലിലെ 'സൗത്ത് ഇന്ത്യൻ സിനിമാ ലെജൻഡ്' എന്നാണ് ശ്രീലങ്കൻ ടൂറിസം പേജിലെ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് പേജിൽ ഇപ്പോൾ നടക്കുന്നത്.
മോഹൻലാൽ ഒരു ദക്ഷിണേന്ത്യൻ താരം മാത്രമല്ല മറിച്ച്, ഒരു പാൻ ഇന്ത്യൻ താരം തന്നെയാണെന്ന് ആരാധകർ പ്രതികരിക്കുന്നു. "ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് മോഹൻലാൽ. മാത്രവുമല്ല, ലോകത്തിലെ മികച്ച നടന്മാരിലൊരാളുമാണ്," മറ്റൊരു ആരാധകൻ പ്രതികരിച്ചു. വേറൊരു ആരാധകന്റെ കമന്റ് ഇങ്ങനെ: "ദക്ഷിണേന്ത്യൻ ഇതിഹാസമല്ല, അഭിനയത്തിന്റെ ദൈവമാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാളത്തിൽ, മോഹൻലാലിന്റെ അസാധാരണമായ അഭിനയ വൈദഗ്ധ്യം മൂലം അദ്ദേഹത്തെ പലപ്പോഴും 'അഭിനയ ദൈവം' എന്ന് വിളിക്കുന്നു. സ്വാഭാവികവും സൂക്ഷ്മവുമായ പ്രകടനങ്ങൾക്ക് പേരുകേട്ട അദ്ദേഹം നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്."
ഇന്ത്യൻ സിനിമ സൃഷ്ടിച്ച ഏറ്റവും മികച്ച നടന്മാരിലൊരാളെയാണ് ദക്ഷിണേന്ത്യൻ താരമായി ചുരുക്കിയിരിക്കുന്നത് എന്നാണ് ഒരാളുടെ കമന്റ്. ബോളിവുഡ് താരങ്ങൾ മാത്രം ഇന്ത്യൻ താരങ്ങളാവുകയും, മറ്റ് ഇൻഡസ്ട്രികളിലെ താരങ്ങൾ അതത് സംസ്ഥാനങ്ങളുടെ താരങ്ങളാവുകയും ചെയ്യുന്നതിന്റെ അനീതിയും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
What's Your Reaction?






