പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണദണ്ഡ് കാണാതായത് എങ്ങനെ? അന്വേഷണത്തിൽ പുതിയ നീക്കവുമായി പോലീസ്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണദണ്ഡ് കാണാതായ സംഭവത്തിൽ നുണ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്. ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെ എട്ടുപേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുക. ക്ഷേത്രത്തിൽ നിന്ന് കാണാതായ 13 പവൻ്റെ സ്വർണദണ്ഡ് കണ്ടെത്തിയെങ്കിലും ഇത് കാണാതായത് എങ്ങനെയെന്നതിൽ പോലീസ് അന്വേഷണം തുടരുകയാണ്.
കേസിൽ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ ഫോർട്ട് പോലീസാണ് കോടതിയെ സമീപിച്ചത്. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിൻ്റെ വാതിൽ സ്വർണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉൾപ്പെടെ എട്ടുപേർക്കാണ് നുണപരിശോധന. സ്വർണദണ്ഡ് വിഷയത്തിൽ ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നുണ പരിശോധന.
പത്മനാഭ സ്വാമി ക്ഷേത്ര നവീകരണത്തിൻ്റെ ഭാഗമായി സ്വർണം പൂശുന്ന പണിക്കിടെയാണ് സ്വർണദണ്ഡ് കാണാതായത്. കഴിഞ്ഞമാസം പത്തിനായിരുന്നു സംഭവം. രണ്ട് ദിവസത്തിന് ശേഷം മണലിൽ പൊതിഞ്ഞ നിലയിൽ ദണ്ഡ് കണ്ടെത്തുകയും ചെയ്തു. ഏഴാം തീയതിയാണ് സുരക്ഷാ മുറിയിൽനിന്ന് ദണ്ഡ് പുറത്തെടുത്തത്. പടിഞ്ഞാറേ നടയിലെ വാതിലിൻ്റെ പഴയ സ്വർണം മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലി പിറ്റേദിനം അവസാനിച്ചു. ഇതിനുശേഷം സ്വർണം മുറിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ശനിയാഴ്ച രാവിലെ കണക്കെടുത്തപ്പോൾ ദണ്ഡ് ഇതിൽ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
ക്ഷേത്രത്തിലെ വടക്കേ ശീവേലിപ്പുരയ്ക്ക് സമീപം മണലിൽ നിന്നാണ് ദണ്ഡ് കണ്ടെത്തിയത്. ഇതോടെ ഇത് എങ്ങനെ ഇവിടെ എത്തിയെന്ന സംശയം ഉയരുകയായിരുന്നു. തുടർന്ന് വാതിൽ സ്വർണംപൂശുന്ന ജോലിക്കാർ, ഒരു വിഭാഗം ജീവനക്കാർ, കാവൽനിന്ന പോലീസുകാർ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ സിസിടിവി പ്രവർത്തനരഹിതമായതും സംഭവത്തിൽ ദുരൂഹത ഉയർത്തി. 60 പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇതിനൊടുവിലാണ് എട്ട് ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
ജീവനക്കാരെ പലതവണ ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ല എന്ന നിലപാടായിരുന്നു എല്ലാവരും സ്വീകരിച്ചത്. പോലീസ് ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നതായി ക്ഷേത്ര ജീവനക്കാരുടെ സംഘടന പരാതി ഉയർത്തുകയും ചെയ്തു. ഇതോടെയാണ് വിശദമായ പരിശോധനയ്ക്ക് തീരുമാനിച്ചത്. സ്വർണം കാണാതായ ദിവസങ്ങളിൽ സ്ട്രോങ്ങ് റൂം സൂക്ഷിപ്പ് അടക്കം ചുമതലയുണ്ടായിരുന്ന ആറ് ജീവനക്കാരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുക.
What's Your Reaction?






