നിമിഷപ്രിയ: കാന്തപുരം ഇടപെടുന്നു; യെമനിലെ ആത്മീയ നേതാവിനെ വിളിച്ചു; മഹ്ദിയുടെ സഹോദരനുമായും സംസാരിച്ചു

Jul 14, 2025 - 08:04
നിമിഷപ്രിയ: കാന്തപുരം ഇടപെടുന്നു; യെമനിലെ ആത്മീയ നേതാവിനെ വിളിച്ചു; മഹ്ദിയുടെ സഹോദരനുമായും സംസാരിച്ചു

കോഴിക്കോട്: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെടുന്നു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചെന്നാണ് വിവരം.

എപി മുസ്ലിയാരുടെ സുഹൃത്ത് കൂടിയായ യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഹബീബ് ഉമര്‍ ബിന്‍ ഹഫീസുമായി കാന്തപുരം സംസാരിച്ചു എന്നാണറിയുന്നത്. യെമന്‍ ഭരണകൂടവുമായും അദ്ദേഹം തന്റെ നിലയ്ക്ക് ബന്ധപ്പെട്ടിട്ടുണ്ട്.

പ്രശസ്ത സുന്നി-സൂഫി ഇസ്ലാമിക പണ്ഡിതനാണ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസ്. ഇദ്ദേഹം യെമനിൽ സ്ഥാപിച്ച ദാർ അൽ മുസ്തഫ ഇസ്ലാമിക പഠനകേന്ദ്രം പ്രശസ്തമാണ്. ഈ സ്ഥാപനത്തിന്റെ ചാൻസലർ കൂടിയാണ് ഹഫീസ്.

വിവിധ ലോകരാജ്യങ്ങളിൽ നിന്ന് ഈ മതപഠന കേന്ദ്രത്തിലേക്ക് ധാരാളം വിദ്യാർത്ഥികൾ എത്തുന്നുണ്ട്. നിരവധി വിഖ്യാതരായ വിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുമുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലുമെല്ലാം നിരന്തരം സഞ്ചരിക്കുകയും ഇസ്ലാമിക പ്രബോധനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്. ഈ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മഹ്ദിയുടെ കുടുംബം ദിയാധനം സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ദിയാധനം സ്വീകരിച്ചാൽ മാത്രമേ വധശിക്ഷ ഒഴിവായിക്കിട്ടൂ. ഇതിനുള്ള ശ്രമം തുടരുകയാണെന്ന് യെമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം പറഞ്ഞു.

ഇതിനിടെ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിഷയം സഹതാപം അര്‍ഹിക്കുന്നതാണെന്നും ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ താൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് എഴുതിയ കത്തിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കത്ത് ഇങ്ങനെ പറയുന്നു: "2025 മാർച്ച് 24 ന് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച എന്റെ കത്ത് ഇതോടൊപ്പം ചേർത്തത് ദയവായി കാണുക. ശ്രീമതി നിമിഷ പ്രിയ ടോമി തോമസിന്റെ വധശിക്ഷ 2025 ജൂലൈ 16ന് നിശ്ചയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഇത് അനുതാപം അർഹിക്കുന്ന ഒരു കേസാണെന്ന വസ്തുത കണക്കിലെടുത്ത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ വിഷയം ഏറ്റെടുത്ത് ബന്ധപ്പെട്ട അധികാരികളുമായി ഇടപെട്ട് ശ്രീമതി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു."

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0