കണ്ണൂരിലേക്ക് രാത്രി യാത്രയ്ക്ക് പുതിയ ഇൻ്റർസിറ്റി എക്സ്പ്രസ് വരും; 7 മണിക്ക് ശേഷം കോഴിക്കോട്, പരിഗണനയിലെന്ന് റെയിൽവേ
കണ്ണൂരിലേക്ക് രാത്രി യാത്രയ്ക്ക് പുതിയ ഇൻ്റർസിറ്റി എക്സ്പ്രസ് വരും; 7 മണിക്ക് ശേഷം കോഴിക്കോട്, പരിഗണനയിലെന്ന് റെയിൽവേ

കോഴിക്കോട്: വൈകീട്ട് ആറരയ്ക്ക് ശേഷം കോഴിക്കോട് നിന്ന് വടക്ക് ഭാഗത്തേക്ക് ട്രെയിനുകളില്ലെന്ന പരാതി യാത്രക്കാർ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളായി. 06:30 മുതൽ രാത്രി 10:00 വരെ ട്രെയിനുകളില്ലെന്നത് യാത്രക്കാരെ ചെറുതായൊന്നുമല്ല വലയ്ക്കുന്നത്. പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇക്കാര്യത്തിൽ ഇതുവരെയും ഒരു പരിഹാരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ കണ്ണൂരിലേക്ക് രാത്രി യാത്രയ്ക്ക് പുതിയ ഇൻ്റർസിറ്റി എക്സ്പ്രസിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്.
ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ പാലക്കാട് വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ വടകര എംപി ഷാഫി പറമ്പിലിനോടാണ് കോയമ്പത്തൂർ - മംഗളൂരു ഇൻ്റർസിറ്റി പരിഗണനയിലുണ്ടെന്ന ഉറപ്പ് ലഭിച്ചത്. രാത്രി 7 മണിക്ക് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ കോയമ്പത്തൂർ നിന്ന് മംഗലാപുരത്തേക്ക് പുതിയ ഇൻ്റർസിറ്റി എക്സ്പ്രസ് അനുവദിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനോട് എംപി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ ഇൻ്റർസിറ്റി എക്സ്പ്രസ് അനുവദിക്കുന്നത് റെയിൽവേയുടെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് ജനറൽ മാനേജർ അറിയിച്ചത്.
കോയമ്പത്തൂർ - മംഗലാപുരം റൂട്ടിലെ ഈ ഇൻ്റർസിറ്റി ട്രെയിൻ രാവിലെ മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന തരത്തിൽ ക്രമീകരിച്ചാൽ ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങൾക്ക് ഉൾപ്പടെ നിരവധി പേർക്ക് വലിയ ആശ്വാസമാകുമെന്ന് എംപി പറഞ്ഞു. കൂടാതെ പരശുറാം എക്സ്പ്രസിലെ യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് ഒരു പുതിയ കോച്ച് കൂടി അനുവദിക്കാമെന്നും യോഗത്തിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






