ഒളിച്ചുകളി തുടർന്ന് മഴ, ഇനി എന്നാണ് ശക്തമായ മഴയെത്തുക? ഈ ദിവസം നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഭൂരിഭാഗം ജില്ലകളിലും ലഭിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞതോടെ ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പത്താം തീയതി ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട തോതിൽ മഴ ലഭിക്കുന്നുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് തുടരുന്നത്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും മഴ ലഭിക്കുന്നുണ്ട്.
ശക്തമായ മഴയ്ക്ക് ഇടവേള നൽകി സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. മെയ് അവസാനം ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. പലയിടത്തും ജലനിരപ്പ് ഉയരുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. താഴ്ന്നയിടങ്ങൾ വെള്ളത്തിനടിയിലായി. മലയോര പ്രദേശങ്ങളിൽ മഴ ശക്തമാകുകയും മോശം കാലാവസ്ഥ രൂപപ്പെടുകയും ചെയ്തതോടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ജൂൺ എത്തിയതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഒറ്റപ്പെട്ട മഴ മാത്രമായി തീരുകയും ചെയ്തു
What's Your Reaction?






