ഒടുവിൽ ഇന്ത്യയോട് അഭ്യർഥിച്ച് പാകിസ്താൻ; സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം

കരാർ താൽക്കാലികമായി നിർത്തിവച്ചതിനാൽ, അണക്കെട്ടുകളിലെ ശുചീകരണത്തിന് ശേഷം വെള്ളം തുറന്നുവിടുമ്പോൾ ഉണ്ടാകുന്ന ഒഴുക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്താനുമായി പങ്കുവെക്കാൻ ഇന്ത്യക്ക് ബാധ്യതയില്ല.

May 15, 2025 - 07:45
ഒടുവിൽ ഇന്ത്യയോട് അഭ്യർഥിച്ച് പാകിസ്താൻ; സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം

ന്യൂഡൽഹി: സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍.ഇന്ത്യ പാക് അതിർത്തിയിലെ സംഘർഷങ്ങൾ വെടിനിർത്തലിൽ അവസാനിച്ചതിന് പിന്നാലെയാണ് പാകിസ്താൻ കരാർ പുനഃപരിശധിക്കണമെന്ന ആവശ്യവുമായി എത്തിയത്. ദശലക്ഷക്കണക്കിന് ആളുകൾ ഈ കരാറിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും പാകിസ്താൻ ചൂണ്ടിക്കാട്ടി.

സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജിയ്ക്കാണ് കത്തെഴുതിയത്. ഇന്ത്യയുടെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് പാകിസ്താൻ കത്തിൽ പറയുന്നത്. ഇന്ത്യയുടെ തീരുമാനം പാകിസ്താനിലെ ജനങ്ങളുടെ മേലുള്ള ആക്രമണത്തിന് തുല്യമാണെന്നും അവർ പറയുന്നു.

ഈ കത്ത് ഓപ്പറേഷൻ സിന്ദൂറിനിടെ കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യ ഈ ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താൻ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് കരാറിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസമിതി ഏപ്രിൽ 23ന് എടുത്ത തീരുമാനം മാറ്റാൻ സാധ്യതയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത്, പാഹൽഗാമിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിന് എതിരെയുള്ള പ്രതികാര നടപടിയാണ്. പ്രധാനമന്ത്രി മോദി നേരത്തെ 'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല' എന്ന് പറഞ്ഞതും ഈ സാഹചര്യത്തിൽ ചേർത്ത് വായിക്കേണ്ടതുണ്ട്.

വിഷയം ചര്‍ച്ചചെയ്യാന്‍ പാകിസ്താന്‍ തയ്യാറാണെന്നും കത്തിലുണ്ട്. കരാര്‍ മരവിപ്പിച്ച തീരുമാനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പാകിസ്താന്‍ ജലവിഭവ മന്ത്രാലയം അറിയിച്ചു. എന്നാൽ കരാർ താൽക്കാലികമായി നിർത്തിവച്ചത് നിയമവിരുദ്ധമാണെന്ന ആരോപണം ഇന്ത്യ നിഷേധിക്കുകയാണ്. സാഹചര്യങ്ങൾ മാറിയാൽ കരാർ പുനഃപരിശോധിക്കാമെന്ന് വ്യവസ്ഥയുണ്ട്. പാകിസ്താൻ തീവ്രവാദത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നതിനാൽ ഇത് പുനഃപരിശോധിക്കാനുള്ള സമയം അതിക്രമിച്ചെന്നും ഇന്ത്യ പറയുന്നു.

'കരാർ ഉണ്ടാക്കിയത് നല്ല ചിന്തകളോടെയും സൗഹൃദത്തോടെയുമാണ്. അതുകൊണ്ടാണ്, ഇത് ഇന്ത്യക്ക് എതിരായുള്ള വ്യവസ്ഥകൾ ഉണ്ടായിട്ടും ഞങ്ങൾ മുന്നോട്ട് പോയത്. എന്നാൽ, പാകിസ്താൻ തീവ്രവാദികളെ നിയന്ത്രിക്കാൻ തയ്യാറാകാത്തത് കരാറിൻ്റെ അടിസ്ഥാനത്തെ തന്നെ ഇല്ലാതാക്കി, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

1960ല്‍ ലോകബാങ്കിൻ്റെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താന്‍ ഉപേക്ഷിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. പാകിസ്താൻ്റെ ഭീകരപ്രവര്‍ത്തനങ്ങളാണ് കരാര്‍ മരവിപ്പിച്ചതിന് കാരണം. പാകിസ്താന്‍ ഭീകരത തുടരുന്ന കാലത്തോളം കരാര്‍ മരവിപ്പിച്ചുനിര്‍ത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0