ഉയരത്തിൽ ഒന്നാമൻ; കൊച്ചിയ്ക്ക് അഭിമാനമായി ലുലു ഐടി ട്വിൻ ടവർ, ഉദ്ഘാടനം 28ന്

Jun 11, 2025 - 08:36
ഉയരത്തിൽ ഒന്നാമൻ; കൊച്ചിയ്ക്ക് അഭിമാനമായി ലുലു ഐടി ട്വിൻ ടവർ, ഉദ്ഘാടനം 28ന്

കൊച്ചി: കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയം എന്ന ഖ്യാതിയോടെ കൊച്ചിയിൽ ലുലു ഐടി ട്വിൻ ടവറുകൾ ഉദ്ഘാടനത്തിനൊരുങ്ങി. കൊച്ചി സ്മാർട്ട് സിറ്റിയിൽ 28നാണ് ലുലു ഐടി ടവർ ഒന്നും രണ്ടും ഉദ്ഘാടനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകളാണ് സജ്ജമായിരിക്കുന്നത്. 30 നിലയാണ് ടവറുകൾക്കുള്ളത്.

1500 കോടി മുതൽ മുടക്കിലാണ് സ്മാർട്ട് സിറ്റിയിൽ ലുലു ഐടി ടവറുകൾ നിർമിച്ചത്. 25 ലക്ഷം ചതുരശ്രയടി ഓഫീസ് സൗകര്യമാണ് ഇരുടവറുകളിലുമായി ഉള്ളത്. 34 ലക്ഷം ചതുരശ്രയടിയിലാണ് ടവർ നിർമാണം പൂർത്തിയാക്കിയത്‌. 12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിൽ 153 മീറ്റർ ഉയരമാണ് ടവറുകൾക്കുള്ളത്. കെട്ടിട നിർമാണത്തിൻ്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങൾക്കും പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ചിട്ടുണ്ട്.

വൻ സൗകര്യങ്ങളോടെയാണ് ലുലു ഐടി ടവർ തയ്യാറായിരിക്കുന്നത്. കൊച്ചി സ്മാർട്ട് സിറ്റി ഒന്നാംഘട്ടത്തിൻ്റെ ഭാഗമായാണ് ടവറുകൾ ഒരുക്കിയിരിക്കുന്നത്. രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ടവറിൻ്റെ ഒന്നാംനിലയിൽ ഒരേസമയം 2000 പേർക്ക് ഇരിക്കാൻ കഴിയുന്ന ഫുഡ്കോർട്ടുണ്ട്. ജിം, 100 ശതമാനം പവർ ബാക്കപ്, കേന്ദ്രീകൃത എസി, റീടെയ്ൽ സ്പേസ്, മഴവെള്ളസംഭരണി, മാലിന്യസംസ്‌കരണ പ്ലാൻ്റ് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ലുലു ഐടി ടവർ ഒന്ന്, രണ്ട് എന്നിവയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ 30,000 പേർക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. കുറഞ്ഞ വാടകയും കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴിൽവൈദഗ്ധ്യവും കമ്പനികളെ ഇവിടേക്ക് ആകർഷിക്കും. 4500 കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിങ് ഏരിയയാണ് മറ്റൊരു സവിശേഷത. 3200 കാറുകൾ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാർക്ക് ചെയ്യാൻ കഴിയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0