ഈ നദി തീരങ്ങളിൽ പ്രളയസാധ്യത മുന്നറിയിപ്പ്; ഓറഞ്ച് - യെല്ലോ അലേർട്ടുകൾ, ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മഴ കനക്കാനുള്ള സാധ്യതകൾ തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് മഴ കനക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. അപകടകരമായ രീതിയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച നദികൾ
കാസർകോട്: ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)
കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)
പത്തനംതിട്ട: മണിമല (തോണ്ടറ സ്റ്റേഷൻ)
യെല്ലോ അലേർട്ട് പ്രഖ്യാപിച്ചയിടങ്ങൾ
തിരുവനന്തപുരം: കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC)
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC)
തൃശൂർ: കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കീച്ചേരി (ആലൂർ സ്റ്റേഷൻ)
പാലക്കാട്: ഭവാനി (കോട്ടത്തറ സ്റ്റേഷൻ - CWC)
വയനാട്: കബനി (ബാവലി സ്റ്റേഷൻ)
കണ്ണൂർ: കുപ്പം (മങ്കര റിവർ സ്റ്റേഷൻ); കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ)
കാസർകോട്: കാര്യങ്കോട് (ഭീമനടി & കക്കടവ് സ്റ്റേഷൻ)
മുന്നറിയിപ്പുകൾ തുടരുന്നതിനാൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
അതേസമയം, തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 17 മുതൽ 19വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
What's Your Reaction?






