ആറന്മുള വള്ളസദ്യ ആരംഭിച്ചു; 15 സദ്യാലയങ്ങൾ, ബുക്ക് ചെയ്യുന്നത് എങ്ങനെ എന്നറിയാം

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ ആരംഭിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും, പളളിയോട സേവാസംഘവുമായി സഹകരിച്ചുളള ആറന്‍മുള സദ്യ ഉള്‍പ്പെടെയുളള പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശന പാക്കേജിന്‍റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ സര്‍ നിർവഹിച്ചു.
കേരളത്തിൻ്റെ സംസ്കാരവും ആതിഥ്യമര്യാദയും കാണണമെങ്കിൽ ഇപ്പോൾ ആറന്മുളയിലേക്ക് വരണം, ഇത്തരമൊരു വള്ളസദ്യ ലോകത്തെവിടെയും ഉണ്ടാകില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഓതറ, ളാക -ഇടയാറൻ മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, കോഴഞ്ചേരി, വെൺപാല എന്നീ ഏഴു പള്ളിയോടങ്ങളാണ് ഇന്ന് വള്ളസദ്യയിൽ പങ്കെടുത്തത്.
റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 15 സദ്യാലയങ്ങൾ ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ ഒക്ടോബർ രണ്ടിന് സമാപിക്കും.
ആഗ്രഹ സഫലീകരണത്തിന് വേണ്ടി അന്നദാനപ്രഭുവായ പാത്ഥസാരഥിയ്‌ക്കുള്ള വഴിപാടായാണ് വള്ളസദ്യ സമർപ്പിക്കുന്നത്. ആചാരങ്ങളുടെ അകമ്പടിയോടെയാണ് ആറന്മുളസദ്യയുടെ വഴിപാട് ആരംഭിക്കുക. അതിനായി പള്ളിയോട കരയില്‍ നിന്ന് അനുവാദം വാങ്ങും, ശേഷം സദ്യക്ക് വേണ്ട ഒരുക്കങ്ങൾ ആരംഭിക്കും. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്നാണ് സങ്കല്‍പം.
What's Your Reaction?






