ആദ്യം ഉൽക്കയെന്ന് സംശയിച്ചു, പിന്നീടാണ് മിസൈലുകളാണെന്ന് മനസ്സിലായത്'; പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് ഖത്തറിലെ മലയാളികൾ

Jun 24, 2025 - 10:44
ആദ്യം ഉൽക്കയെന്ന് സംശയിച്ചു, പിന്നീടാണ് മിസൈലുകളാണെന്ന് മനസ്സിലായത്'; പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് ഖത്തറിലെ മലയാളികൾ

ദോഹ: ഖത്തർ ആകാശത്ത് ഇറാൻ മിസൈലുകൾ പായുന്നത് നേരിട്ട് കണ്ട് മലയാളികൾ. 20 മിനിറ്റോളം ആകാശത്ത് മിസൈലുകൾ പായുന്നത് കണ്ടുവെന്ന് മലയാളികൾ ടിവി ചാനലുകളോട് പ്രതികരിച്ചു. കെട്ടിടങ്ങളിൽ താമസിക്കുന്നവർ പരിഭ്രാന്തരായി പുറത്തിറങ്ങിയെന്നും വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായെന്നും അവർ വ്യക്തമാക്കി.

മിസൈൽ ആക്രമണത്തെ തുട‍ർന്ന് പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് അൽ ഉദൈദ് എയ‍ർബേസിൽനിന്ന് 20 കിലോമീറ്ററോളം മാത്രം അകലെ താമസിക്കുന്ന മലയാളി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 20 മിനിറ്റോളം ആകാശത്ത് മിസൈലുകൾ പായുന്നത് കണ്ടു. കെട്ടിടങ്ങളിൽ താമസിക്കുന്നവർ പരിഭ്രാന്തരായി പുറത്തിറങ്ങി. ആളുകൾ ആകാശത്തേക്ക് നോക്കി വാഹനമോടിച്ചതിനെ തുടർന്ന് കൂട്ടിയിടി ഉണ്ടായിട്ടുണ്ട്. ആക്രമണത്തെ തുട‍ർന്ന് ആളുകൾ പരിഭ്രാന്തരായെന്നും നിലവിൽ സ്ഥിതിഗതികളിൽ മാറ്റമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

പ്രാദേശിക സമയം രാത്രി ഏഴരയോടെയാണ് ശബ്ദം കേട്ടതെന്ന് മറ്റൊരാൾ പറഞ്ഞു. ആദ്യം വാതിലുകളൊക്കെ കുലുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഉൽക്ക പോകുന്നതിന് സമാനമായിരുന്നു ആകാശത്തെ കാഴ്ചയെന്നാണ് മറ്റൊരു മലയാളിയുടെ പ്രതികരണം. മിസൈലുകൾ ആകാശത്തുവെച്ചുതന്നെ പൊട്ടിത്തെറിക്കുന്നത് കാണാൻ കഴിഞ്ഞു. പ്രകമ്പനം ഉണ്ടായി. അരമണിക്കൂറിനകം സ്ഥിതിഗതികൾ ശാന്തമായെന്നും അദ്ദേഹം പറഞ്ഞു.

മിസൈലുകളാണോ ഡ്രോണുകളാണോ എന്ന് ആദ്യം സംശയിച്ചുവെന്ന് മറ്റൊരാൾ പറഞ്ഞു. ഒന്നുരണ്ട് മിസൈലുകൾ താഴെ പതിച്ചതായി തോന്നുന്നുണ്ട്. വാഹനത്തിൽ ഇരുന്നപ്പോൾ തന്നെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തെ തുടർന്ന് പൗരന്മാർക്ക് നിർദേശവുമായി ഖത്തറിലെ ഇന്ത്യൻ എംബസി രംഗത്തെത്തി. ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും അഭ്യർഥിച്ച എംബസി അധികൃതർ ഖത്തർ അധികൃതർ നൽകുന്ന പ്രാദേശിക വാർത്തകൾ, നിർദേശങ്ങൾ, മാർഗനിർദേശങ്ങൾ എന്നിവ പാലിക്കണമെന്ന് നിർദേശിച്ചു. യുഎസ്, യുകെ എംബസികളും പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0