മലയാളികൾക്ക് ബെംഗളൂരു യാത്രയ്ക്ക് സെപ്റ്റംബർ വരെ ടെൻഷൻ വേണ്ട; തിരുവനന്തപുരം എസി സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

Thiruvananthapuram Bengaluru AC Train Service: കോട്ടയം വഴി ബെംഗളൂരുവിലേക്ക് നിലവിൽ സർവീസ് നടത്തുന്ന ട്രെയിൻ സർവീസാണ് നീട്ടിയത്

May 13, 2025 - 07:42
May 13, 2025 - 11:34
മലയാളികൾക്ക് ബെംഗളൂരു യാത്രയ്ക്ക് സെപ്റ്റംബർ വരെ ടെൻഷൻ വേണ്ട; തിരുവനന്തപുരം എസി സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

കൊച്ചി: കേരളത്തിൽ നിന്ന് ഏറ്റവും തിരക്കേറിയ ട്രെയിൻ റൂട്ടുകളിലൊന്നാണ് എറണാകുളം - ബെംഗളൂരു പാത. വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ കൂടുതൽ സർവീസുകൾക്കായി യാത്രക്കാർ നിരന്തരം മുറവിളി കൂട്ടുന്ന റൂട്ടിൽ എത്തുന്ന സ്പെഷ്യൽ ട്രെയിനുകളിൽ പോലും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം സ്പെഷ്യൽ സർവീസുകൾ നീട്ടുന്നതിൽ റെയിൽവേയ്ക്ക് കൂടുതൽ ആലോചിക്കേണ്ടി വരാറില്ല. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം നോർത്ത് - ബെംഗളൂരു എസ്എംവിടി എസി സ്പെഷ്യൽ ട്രെയിനിന് 17 സർവീസുകൾ കൂടുതലായി അനുവദിച്ചത്. ഇതോടെ സെപ്റ്റംബർ വരെ ബെംഗളൂരുവിലേക്ക് വലിയ ആശങ്കയില്ലാതെ യാത്ര പ്ലാൻ ചെയ്യാൻ കഴിയും.

ജൂൺ മുതൽ മൂന്ന് മാസത്തേക്കാണ് ബെംഗളൂരു എസി സ്പെഷ്യൽ ട്രെയിനിൻ്റെ സർവീസ് നീട്ടിയിരിക്കുന്നത്. ട്രെയിൻ നമ്പർ 06555 എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് ട്രെയിൻ 06 - 06 - 2025 മുതൽ 26 - 09 - 2025 വരെ 17 സർവീസുകളാണ് നടത്തുക. ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു ട്രെയിൻ 08 - 06 - 2025 മുതൽ 28 - 09 - 2025 വരെയും 17 സർവീസുകൾ നടത്തും.

ബെംഗളൂരുവിൽ നിന്ന് വെള്ളിയാഴ്ചകളിലും, തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചകളിലുമാണ് എസി സ്പെഷ്യൽ ട്രെയിൻ സർവീസ്. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.

തേർഡ് എസി, സെക്കൻഡ് എസി കോച്ചുകൾ മാത്രമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് തേർഡ് എസി ക്ലാസിന് 1490 രൂപയും സെക്കൻഡ് എസിയ്ക്ക് 2070 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

വേനൽക്കാലത്ത് ബാംഗ്ലൂർ സെക്ടറിലുള്ള തിരക്ക് പരിഹരിക്കുന്നതിനായി തൻ്റെ അഭ്യർഥനപ്രകാരം കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച സർവീസാണ് എസി ട്രെയിനിൻ്റേതെന്നും സർവീസ് ദീർഘിപ്പിച്ചുള്ള അറിയിപ്പ് ലഭിച്ചെന്നും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. 'യാത്രക്കാർ പൂർണമായി ഏറ്റെടുത്ത ഈ ട്രെയിൻ പരമാവധി നീട്ടണമെന്ന് റെയിൽവേ മന്ത്രിയോട് നേരത്തെ അഭ്യർഥിച്ചിരുന്നു. നിലവിൽ അനുവദിച്ച 17 സർവീസുകൾ തീരുന്ന മുറയ്ക്ക് വീക്കിലി സർവീസ് ആയി തുടരുന്നതിന് ആവശ്യമായിട്ടുള്ള ഇടപെടൽ നടത്തും.' കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0