ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം; കെഎസ്ആർടിസി ഓപ്പറേറ്റേഴ്സിന് കർശന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

റിപ്പോർട്ട് :ബൈഷികുമാർ

Aug 10, 2026 - 22:00
ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം; കെഎസ്ആർടിസി ഓപ്പറേറ്റേഴ്സിന് കർശന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി സർവീസുകളുടെ ഓപ്പറേറ്റിംഗ് ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകി മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് നിന്നും ബെം​ഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദീർഘദൂര സർവീസുകൾക്ക് ബാധകമായ വിന്യാസ മാനദണ്ങ്ങൾ പാലിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് നിർദ്ദേശിച്ചു. പരിചയവും യോഗ്യതയുമില്ലാത്ത ജീവനക്കാരെ ഇത്തരം സർവീസുകൾക്ക് നിയോഗിക്കരുത്. ജോലി, വിശ്രമ സമയം സംബന്ധിച്ച രേഖകൾ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനായി നൽകിയ നിർദ്ദേശങ്ങളുടെ വിശദാംശങ്ങളും അവയുടെ നിർവഹണം സംബന്ധിച്ച വിവരങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് കെഎസ്ആർടിസി സിഎംഡി 10 ദിവസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം ഓഗസ്റ്റ് 21ന് വെസ്റ്റ് ഹിൽ പൊതുമരാമത്ത് റസ്റ്റ് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

തുടർച്ചയായ ജോലിക്ഷീണം കാരണം ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ഉറക്കക്ഷീണമാണ് അപകടത്തിലേക്ക് നയിച്ചത് എന്ന ഗുരുതരമായ ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്. തലേദിവസം മൈസൂരിൽ നിന്നും ബസ് ഓടിച്ചെത്തിയ ഡ്രൈവറെ ആവശ്യത്തിനു വിശ്രമം നൽകാതെ അന്ന് രാത്രി തന്നെ ബംഗളൂരിലേക്ക് അയക്കുകയായിരുന്നു. അഞ്ചുമാസം മാത്രം പ്രവർത്തിപരിചയമുള്ള താൽക്കാലിക ഡ്രൈവറെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ദീർഘദൂര സർവീസിന് അയച്ചതായും ജീവനക്കാർ ആരോപിക്കുന്നു. ഇത്തരം വാർത്തകൾ ശരിയാണെങ്കിൽ അത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0