നേമം മണ്ഡലം വികസന സെമിനാർ' മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കുന്നു*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 21, 2026 - 09:17
നേമം മണ്ഡലം വികസന സെമിനാർ' മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കുന്നു*

*..നേമം മണ്ഡലം വികസന സെമിനാർ' മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കുന്നു*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

*നേമം മണ്ഡലത്തിൽ 900 കോടിയുടെ വികസനം നടപ്പാക്കി : മന്ത്രി വി. ശിവൻകുട്ടി*

#നേമം മണ്ഡലത്തിന്റെ നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളുമായി വികസന സെമിനാർ സംഘടിപ്പിച്ചു#

2016 മുതൽ 2021 വരെയുള്ള അഞ്ചു വർഷക്കാലം വികസനം മരവിച്ചുനിന്ന നേമം മണ്ഡലം ഇന്ന് 900 കോടി രൂപയുടെ ബൃഹത്തായ പദ്ധതികളുമായി വികസനക്കുതിപ്പിലെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിന്റെ നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും ചർച്ച ചെയ്യാനായി സംഘടിപ്പിച്ച വികസന സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നേമത്തെ സംസ്ഥാനത്തെ തൊഴിൽ നൈപുണ്യത്തിന്റെ ഹബ്ബാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും , ഇതിന്റെ ഭാഗമായി പാപ്പനംകോട് സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള തൊഴിൽ നൈപുണ്യങ്ങൾ ഇവിടെ പരിശീലനം നൽകാനായി കരാറിൽ ഒപ്പിട്ടു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

ലോകപ്രശസ്ത ശാസ്ത്രജ്ഞനായ സ്ഥാണു പത്മനാഭന്റെ പേരിൽ കരമനയിൽ ഒരു കരിയർ ഡെവലപ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നതിനായി ആറ് കോടി രൂപ അനുവദിച്ചു. ചാലയിൽ 18 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ.ടി.ഐ കെട്ടിടവും പുത്തൻ തലമുറ കോഴ്‌സുകളും യാഥാർത്ഥ്യമാക്കുകയാണ്.

നാടിന്റെ ജീവനാഡിയായ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വലിയ വിപ്ലവമാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ റോഡ് വികസനത്തിന് മാത്രം 320 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. 20 വർഷമായി നടക്കാതിരുന്ന തിരുമല-തൃക്കണ്ണാപുരം റോഡിന്റെ വികസനത്തിനായി 20.8 കോടി രൂപ അനുവദിച്ചെന്നു മന്ത്രി പറഞ്ഞു.

 70.50 കോടി രൂപ ചിലവിൽ 8 പുതിയ പാലങ്ങളാണ് നേമത്ത് യാഥാർത്ഥ്യമാകുന്നത്. മുടവൻമുകൾ, മധുപാലം, കല്ലടിമുഖം തുടങ്ങിയ പ്രധാന പാലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

91.20 കോടി രൂപയുടെ പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയ്ക്കായി കൊണ്ടുവന്നത്. വാഴമുട്ടം സ്കൂളിന്റെ ബഹുനില കെട്ടിടത്തിനായി 11.30 കോടി രൂപയും കമലേശ്വരം സ്കൂളിനായി 8.90 കോടിയും അനുവദിച്ചു. ഇതിനുപുറമെ 19 സ്കൂളുകൾക്ക് പുതിയ മന്ദിരങ്ങൾക്കായി 54.76 കോടി രൂപയാണ് ചിലവിടുന്നത്. 

ആരോഗ്യ മേഖലയിൽ 52.3 കോടിയിലധികം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ശാന്തിവിള നേമം താലൂക്ക് ആശുപത്രിയിൽ 30 കോടി രൂപ ചിലവിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയരുകയാണ്. ആറ്റുകാലിൽ രണ്ട് കോടി രൂപ ചിലവിൽ അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ഐരാണിമുട്ടം ഹോമിയോ ഡയറക്ടറേറ്റിനായി 11 കോടി രൂപയും അനുവദിച്ചു. ഇതോടെ

ഭാവിയിൽ നേമം രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു. 

40 കോടി രൂപ ചെലവിൽ വാഴമുട്ടത്ത് ഉയരുന്ന നാഷണൽ ഹൗസിംഗ് മ്യൂസിയം നേമത്തെ രാജ്യത്തെ ആർക്കിടെക്ട് ഹബ്ബാക്കി മാറ്റും. 150 കോടി രൂപ ചെലവിട്ട് നേമത്തിന്റെ അഭിമാനമായ ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുകയാണ്. കരമന മുതൽ ആഴാങ്കൽ വരെയുള്ള കരമനയാറിന്റെ തീരത്ത് 16.2 കോടി രൂപയുടെ വാക് വേയും സൈക്കിൾ ട്രാക്കും ശലഭ പാർക്കും ഉൾപ്പെടുത്തി നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറും. പള്ളത്ത്കടവിൽ ബയോ പാർക്കിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.

ജലസേചനത്തിനും വെള്ളക്കെട്ട് നിവാരണത്തിനുമായി 36 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു. മുട്ടാർ തോട് നവീകരണത്തിനായി 8.80 കോടി രൂപയും കരമനയാറിന്റെ സംരക്ഷണ ഭിത്തിക്കായി അഞ്ച് കോടി രൂപയും വകയിരുത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

 മണ്ഡലത്തിലെ വിവിധ ഓഫീസുകൾ നവീകരിക്കാനായി 35 കോടി രൂപയാണ് ചിലവഴിക്കുന്നത്. രജിസ്‌ട്രേഷൻ കോംപ്ലക്സിനായി 20 കോടി രൂപ അനുവദിച്ചു.

സത്യൻ നഗർ സ്റ്റേഡിയത്തിനായി ഒരുകോടി രൂപ അനുവദിച്ചു. 

സെമിനാറിൽ ജനങ്ങൾ പങ്കുവച്ച ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. കരുമം ശ്രീവിനായക ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പുന്നയ്ക്കാമുകൾ വാർഡ് കൗൺസിലർ ആർ.പി ശിവജി അധ്യക്ഷത വഹിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0