*അതിര്‍ത്തി സുരക്ഷാ യോഗം ചേര്‍ന്നു*
റിപ്പോർട്ട് :ബൈഷി കുമാർ
PRESS RELEASE KOLLAM 11.02.2026
*നിയമസഭാ തിരഞ്ഞെടുപ്പ് -2026*
*അതിര്‍ത്തി സുരക്ഷാ യോഗം ചേര്‍ന്നു*
ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളം - തമിഴ്‌നാട് അതിര്‍ത്തി സുരക്ഷാ യോഗം ചേര്‍ന്നു. പുനലൂര്‍ സര്‍ക്കാര്‍ വിശ്രമ കേന്ദ്രത്തില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, തെങ്കാശി ജില്ലാ കലക്ടര്‍ എ.കെ.കമല്‍ കിഷോര്‍, എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയത്.
തിരഞ്ഞെടുപ്പ് സുഗമമായി പൂര്‍ത്തിയാക്കുന്നതിനായി ഇരു ജില്ലാ ഭരണകൂടങ്ങളും സംയുക്ത ഉദ്യോഗസ്ഥ പരിശോധനാ സംഘം രൂപീകരിക്കും. പരസ്പര ആശയവിനിമയത്തിലൂടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയും. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും.
സാധാരണയില്‍ നിന്ന് 30 ശതമാനത്തിലധികം മദ്യവില്‍പന തിരഞ്ഞെടുപ്പ് സമയത്ത് നടന്നാല്‍ പരസ്പരം വിവരം കൈമാറി തിരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിക്കുന്ന നടപടികള്‍ സ്വീകരിക്കും. അനധികൃത പണമിടപാട്, മദ്യം കടത്തല്‍, ഇതര ലഹരി വസ്തുക്കളുടെ വിനിമയം എന്നിവ തടയുന്നതിന് കര്‍ശന നിരീക്ഷണവും തുടര്‍ നടപടികളും സ്വീകരിക്കും. ക്രോസ് വോട്ടിംഗ് പോലുള്ള ചട്ടവിരുദ്ധ പ്രവര്‍ത്തനവും അനുവദിക്കില്ല. വനമേഖലയിലും കര്‍ശന നിരീക്ഷണവും പരിശോധനയും ഉണ്ടാകും.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനകള്‍, തുടര്‍ നടപടികള്‍ എന്നിവ കൊല്ലം ജില്ലാ കലക്ടര്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ സഹകരണവും സുശക്തമായ നടപടികളും ഉണ്ടാകുമെന്ന് തെങ്കാശി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിവരങ്ങള്‍ വാട്ട്‌സ് ആപ് വഴി കൈമാറുന്നതിനും തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി.ജയശ്രീ, കൊല്ലം റൂറല്‍ എസ്.പി. വിഷ്ണു പ്രദീപ്, തെങ്കാശി സബ് കലക്ടര്‍ വൈഷ്ണവി പോള്‍, എസിപി അപര്‍ണ, എഡിഎസ്പി ശങ്കര്‍, തെങ്കാശി ഡിഎസ്പി ആദ്യമന്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 371/2026)
*രക്ഷാപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളുമായി ജടായുപ്പാറയില്‍ മോക്ഡ്രില്‍*
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ കേബിള്‍ കാര്‍ അപകട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.
അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റില്‍ കേബിള്‍ കാറുകള്‍ കൂട്ടിമുട്ടുകയും റോപ്പ് വേയില്‍ രണ്ട് കേബിള്‍ കാറുകളിലായി മൂന്ന് പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി രാവിലെ 8.15 ന് ജടായുപ്പാറ അധികൃതര്‍ ചടയമംഗലം പോലീസില്‍ വിവരം അറിയിച്ചതോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്. ചടയമംഗലം പോലീസ്, കടയ്ക്കല്‍ അഗ്‌നിരക്ഷാ നിലയം എന്നിവിടങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ജടായു എര്‍ത്ത് സെന്ററിലെ കേബിള്‍ കാര്‍ വിഭാഗം സേഫ്റ്റി ടീമിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചതോടെ തഹസില്‍ദാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം തേടി. അതോറിറ്റി അധ്യക്ഷനായ ജില്ലാ കളക്ടര്‍, എന്‍ഡിആര്‍എഫ് സംഘത്തിന്റെ സേവനം ആവശ്യപ്പെട്ടു. ഇന്‍സ്പെക്ടര്‍ പ്രശാന്ത് ജി ചീനാത്തിന്റെ നേതൃത്വത്തില്‍ എത്തിയ എന്‍ഡിആര്‍എഫ് സംഘത്തിലെ റോപ്പ് വേ രക്ഷാപ്രവര്‍ത്തനവിദഗ്ദ്ധരായ മുരളി, ഹരി എന്നിവരും ജടായു എര്‍ത്ത് സെന്റര്‍ സേഫ്റ്റി ടീമും റോപ്പ് വേയിലൂടെ കേബിള്‍ കാറിന് മുകളില്‍ എത്തി വാതിലുകള്‍ തുറന്ന് അകത്തുണ്ടായിരുന്ന മൂന്നു പേരെയും സുരക്ഷിതമായി താഴെയിറക്കി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി നിര്‍മല്‍ കുമാറിന്റെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്ലില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം രാജ്യത്തെ എല്ലാ കേബിള്‍ കാര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുന്നു.
കൊട്ടാരക്കര ഡിവൈഎസ്പി ജി ബി മുകേഷ്, ഡെപ്യൂട്ടി ഡി എം ഓ ഡോ. രേഖ എം രവീന്ദ്രന്‍, കടയ്ക്കല്‍ താലൂക്ക് ആശുപത്രി ആര്‍ എം ഓ ഡോ.ഹരിലാല്‍, ചടയമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ സുനീഷ്, ചടയമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനു ജോണ്‍, കടയ്ക്കല്‍ അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം കളക്ട്രേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് രമേശ് മാധവന്‍, ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ജടായു എര്‍ത്ത് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ മനു ജി ആര്‍, കേബിള്‍ കാര്‍ വിഭാഗം മാനേജര്‍ സെബിന്‍ ജേക്കബ് എന്നിവര്‍ മോക്ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. (പി.ആര്‍.കെ നമ്പര്‍ 372/2026)
*കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ മോക്ക് ഡ്രില്‍ 13ന്*
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ ഫെബ്രുവരി 13നു തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലെ രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നു. രാവിലെ 9ന് മോക്ക് ഡ്രില്‍ ആരംഭിക്കും. രക്ഷാപ്രവര്‍ത്തനത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍, മെഡിക്കല്‍ ട്രയേജ്, ആള്‍ക്കൂട്ട നിയന്ത്രണം, ഗതാഗത നിയന്ത്രണം, വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയവ മോക്ക് ഡ്രില്ലിന്റെ ഭാഗമായി അവതരിപ്പിക്കും. മോക്ക് ഡ്രില്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ തഹസില്‍ദാര്‍ ജി മോഹനകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 373/2026)
*കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍*
കിളികൊല്ലൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (യോഗ്യത: പ്ലസ്ടു, ദൈര്‍ഘ്യം: ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (യോഗ്യത: എസ്.എസ്.എല്‍.സി, ദൈര്‍ഘ്യം: ഒരു വര്‍ഷം) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അക്കൗണ്ടിംഗ് (യോഗ്യത: പ്ലസ് ടു, ദൈര്‍ഘ്യം: ഒമ്പത് മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് (പ്ലസ് ടു, 6 മാസം,) കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്-ടാലി ആന്‍ഡ് എം.എസ് ഓഫീസ് (എസ്.എസ്.എല്‍.സി, മൂന്ന് മാസം) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കിളികൊല്ലൂര്‍ തലമഠം ബില്‍ഡിങ്ങിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം.
ഫോണ്‍: 9072592412, 9072592402. (പി.ആര്‍.കെ നമ്പര്‍ 374/2026)
*റാങ്ക് പട്ടിക*
എല്‍ ഡി ടൈപ്പിസ്റ്റ് /ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്ത ഭടന്മാര്‍) എന്‍ സി എ ഒ ബി സി (കാറ്റഗറി നമ്പര്‍.178/2024) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. (പി.ആര്‍.കെ നമ്പര്‍ 375/2026)
*ടെന്‍ഡര്‍*
പത്തനാപുരം ശിശു വികസന പദ്ധതി ഓഫീസിന്റെ 185 അങ്കണവാടികള്‍ക്ക് 2025-2026 വര്‍ഷത്തെ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.
നിരതദ്രവ്യം 4337 രൂപ. ഫെബ്രുവരി 25 ഉച്ചയ്ക്ക് 12 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനാപുരം ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9446524441. (പി.ആര്‍.കെ നമ്പര്‍ 376/2026)
*തീയതി മാറ്റി*
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഫെബ്രുവരി 12ന് നടത്താനിരുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 17 രാവിലെ 11ന് നടത്തുമെന്ന് ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0474 2082261 (പി.ആര്‍.കെ നമ്പര്‍ 377/2026)
*ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്*
ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: പ്ലസ്ടു), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകള്‍ ഉണ്ടാകും. ഫോണ്‍: 7994449314. (പി.ആര്‍.കെ നമ്പര്‍ 378/2026)
*പ്രായോഗിക പരീക്ഷ*
ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ എം വി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ എം വി) (നേരിട്ടും തസ്തിക മാറ്റം വഴിയുള്ള നിയമനം; കാറ്റഗറി നമ്പറുകള്‍ 621/2024, 622/2024) തസ്തികകളുടെ ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രായോഗിക പരീക്ഷ ഫെബ്രുവരി 17 മുതല്‍ 20 വരെ രാവിലെ 5.30 മുതല്‍ ആശ്രാമം മൈതാനത്ത് നടത്തും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0474 2743624. (പി.ആര്‍.കെ നമ്പര്‍ 379/2026)
*അഭിമുഖം*
ഐ എച്ച് ആര്‍ ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയില്‍ ഒഴിവ്. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദം, ബിരുദാനന്തര ബിരുദം. ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 16 രാവിലെ 11ന് കോളജ് ഓഫീസില്‍ ടെസ്റ്റ്/ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.cea.ac.in. ഫോണ്‍: 04734 231995. (പി.ആര്‍.കെ നമ്പര്‍ 380/2026)
*ഉത്സവമേഖലയായി പ്രഖ്യാപിച്ചു*
ശൂരനാട് തെക്ക് കുമരന്‍ചിറ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 17ന് ക്ഷേത്രവും ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. (പി.ആര്‍.കെ നമ്പര്‍ 381/2026)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0