കൊല്ലത്ത് വൻതീപിടിത്തം; കുരീപ്പുഴ കായലിൽ കെട്ടിയിട്ടിരുന്ന പത്ത് ബോട്ടുകൾ കത്തിനശിച്ചു

റിപ്പോർട്ട് :ബൈഷി കുമാർ

Dec 7, 2025 - 10:19
കൊല്ലത്ത് വൻതീപിടിത്തം; കുരീപ്പുഴ കായലിൽ കെട്ടിയിട്ടിരുന്ന പത്ത് ബോട്ടുകൾ കത്തിനശിച്ചു

കൊല്ലം: തീപിടിത്തത്തിൽ കൊല്ലത്ത് പത്ത് ബോട്ടുകൾ കത്തിനശിച്ചു. കുരീപ്പുഴ കായലിൽ കെട്ടിയിരുന്ന ബോട്ടുകളാണ് നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കൽ ശ്രമം തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്നാണ് വിവരം. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചത്. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കത്തിനശിച്ചവയിൽ ട്രോളിംഗ് ബോട്ടുകളും ചെറിയ ബോട്ടുകളുമുണ്ട്.

ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണിവ. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ മാസം അഷ്ടമുടി കായലിലും സമാനരീതിയിൽ ബോട്ടുകൾക്ക് തീ പിടിച്ചിരുന്നു. അന്ന് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഐസ് പ്ലാന്ററിന് മുന്നിൽ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകൾക്കാണ് അന്ന് തീ പിടിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0