ബെംഗളൂരുവിലെ രണ്ടാമത്തെ എയർപോർട്ട്; നിർണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാർ:

റിപ്പോർട്ട് :ബൈഷി കുമാർ

Nov 20, 2025 - 06:31
ബെംഗളൂരുവിലെ രണ്ടാമത്തെ എയർപോർട്ട്; നിർണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാർ:

ബെംഗളൂരു: നഗരവാസികൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ബെംഗളൂരുവിൽ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം പരിഗണിച്ചു വരികയാണ് കർണാടക സർക്കാർ.ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരു ടെക് ഉച്ചകോടിയിൽ പുതിയ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു വലിയ അപ്ഡേറ്റ് ആണ് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പങ്കുവെച്ചത്.ഡൽഹി, മുംബൈ പോലുള്ള ഇന്ത്യൻ നഗരങ്ങൾക്ക് മാത്രമാണ് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ളത്. ഈ പട്ടികയിൽ വൈകാതെ ബെംഗളൂരു കൂടി ഇടം നേടും എന്ന സൂചനയാണ് ഉപ മുഖ്യമന്ത്രി നൽകുന്നത്. നഗരത്തിന്റെ തെക്കൻ ഭാഗത്ത് (സൗത്ത് ബെംഗളൂരു) രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള സാധ്യതകളാണ് സർക്കാർ സജീവമായി പരിഗണിച്ചു വരുന്നത്. ഈ വർഷം ആദ്യം പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്‌തിരുന്നു.

കനകപുര റോഡിന് സമീപം കഗ്ഗലിപുര, ഹാരോഹള്ളി എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളും വടക്കൻ ബെംഗളൂരുവിൽ കുനിഗൽ റോഡിലെ ഒരു സ്ഥലവുമാണ് സജീവ പരിഗണനയിലുണ്ടായിരുന്നത്. എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ മൂന്നു സ്ഥലങ്ങളും കണ്ടെത്തിയത്.ഇതിൽ തന്നെ സൗത്ത് ബെംഗളൂരുവിലെ കനകപുരയ്ക്ക് സാധ്യതകൾ കൂടുതലാണ്. സമീപത്തെ മൈസൂരു റോഡ്, രാമനഗര, മാണ്ഡ്യ

എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന വ്യാവസായിക മേഖലകൾ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. 2033-ൽ വിമാനത്താവളം ആരംഭിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഇതിന് കാരണം ബെംഗളൂരുവിലെ കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നതിന് നിയമപരമായ തടസങ്ങൾ ഉണ്ട്. 2033 വരെയാണ് ഈ വിലക്കുള്ളത്. ഈ സാഹചര്യത്തിലാണ് 2033 ആകുമ്ബോൾ പുതിയ വിമാനത്താവളം ആരംഭിക്കാനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നത്. അഞ്ചോ ആറോ വർഷം എടുത്ത് പൂർത്തിയാക്കേണ്ട ബൃഹത്പദ്ധതിയാണ് ഇതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ആൻഡ് ഇൻഡസ്ട്രീസ് മന്ത്രി എംപി പാട്ടീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ നിലവിലുള്ള ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഡെവലപ്പർമാരുമായി ചർച്ചകൾ നടത്താനാണ് കർണാടക സർക്കാരിൻ്റെ തീരുമാനം. യാത്രക്കാരുടെ എണ്ണം, വ്യാവസായിക ആവശ്യകതകൾ, ഭാവിയിലെ ഡിമാൻഡ് എന്നിവ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബെംഗളുരുവിലെ വിമാനത്താവളത്തിന് സമീപമുള്ള തമിഴ്‌നാട് നഗരമായ ഹൊസൂരിലും മറ്റൊരു വിമാനത്താവളം വരാൻസാധ്യതയുണ്ട്. തമിഴ്‌നാട് സർക്കാരാണ് ഇതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. 2,300 ഏക്കറിൽ വിമാനത്താവളം നിർമിക്കാനാണ് പദ്ധതി. അടുത്തടുത്ത് രണ്ടു വിമാനത്താവളങ്ങൾ യാഥാർത്ഥ്യമായാൽ അത് രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ വ്യോമയാന മേഖലയിലെ മത്സരത്തിനും വഴിയൊരുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0