സ്വാമി തിന്തക തോം തോം.. അയ്യപ്പ തിന്തക തോം തോം.. ശരണമുഖരിതമായി എരുമേലി. തീർഥാടകർക്കായി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം സജ്ജം
റിപ്പോർട്ട് :ബൈഷി കുമാർ
കോട്ടയം: ശബരിമല തീർഥാടകർ
എത്തിയതോടെ ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലി. പല ഭാഷകൾ സംസാരിക്കുകയും പല സംസ്കാരങ്ങൾ പിന്തുടരുകയും ചെയ്യുന്ന ഭക്തർ ഒരുമിച്ച് സ്വാമി ശരണം വളിച്ചു എരുമേലിയിൽ എത്തി പേട്ട തുള്ളി ശബരിമലയിലേക്കു പുറപ്പെടും. തീർഥാടകർക്കായി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുമെല്ലാം എരുമേലിയിൽ സജ്ജമായി.കറുപ്പ്, കാവി, നീല നിറങ്ങളിലുള്ള വസ്ത്രങ്ങളാണു സാധാരണ ധരിക്കുന്നത്. സിന്ദൂരം വാങ്ങി ദേഹത്തു പൂശും. ശരക്കോൽ, കച്ച, ഗദ, കറപ്പു കച്ച തുടങ്ങിയവ വാങ്ങാൻ എരുമേലിയിൽ സൗകര്യമുണ്ട്.വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണു പേട്ട ആരംഭിക്കുന്നത്. വാദ്യമേളക്കാർക്ക് ദേവസ്വം നിശ്ചയിച്ച ഫീസുണ്ട്. മഹിഷീനിഗ്രഹത്തിന്റെ ഓർമ പുതുക്കി കമ്പിൽ കോർത്ത കരിമ്പടത്തിൽ പച്ചക്കറിസാമഗ്രികൾ നിറച്ച് തോളിൽ ചുമന്ന് പേട്ടതുള്ളന്നവരുമുണ്ട്.
കൊച്ചമ്പലത്തിൽ ആദ്യം ദർശനംനടത്തിയ ശേഷം വാവർപള്ളിയിലും ദർശനം നടത്തി പള്ളിക്കു ചുറ്റും വലംവച്ചാണ് പേട്ട സംഘങ്ങൾ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.
കൊച്ചമ്പലത്തിൽനിന്ന് വലിയമ്പലത്തിലേക്ക് വിശുദ്ധപാതയിലൂടെ 400 മീറ്റർ ദൂരത്തിലാണ് പേട്ടകെട്ട് നടക്കുന്നത്. വലിയമ്പലത്തിന്റെ ഗോപുരവാതിൽ കടന്ന് നടപ്പന്തൽ വരെ വാദ്യമേളക്കാർ അനുഗമിക്കും. ഇവിടെ പേട്ടകെട്ട് അവസാനിപ്പിച്ച ശേഷം വലിയ തോട്ടിലെ കുളിക്കടവിൽ തീർഥാടകർ സ്നാനംനടത്തിയാണ് ദർശനം നടത്തുന്നത്. ദേവസ്വം ബോർഡും ഭക്ത സംഘടനകളും വലിയമ്പലത്തിൽ അന്നദാനം ഒരുക്കിയിട്ടുണ്ട്. എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ ദർശനവും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്കുള്ള യാത്ര തുടരും.
മണ്ഡലമഹോത്സവം ആരംഭിക്കുമ്പോൾ ശബരിമല തീർത്ഥാടകരെ വരവേൽക്കാൻക്ഷേത്രങ്ങളും ഇടത്താവളങ്ങളും ഒരുങ്ങി. വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രം, കൊടുങ്ങൂർ ശ്രീദേവീക്ഷേത്രം എന്നിവിടങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രം ഉപദേശകസമിതികളും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ക്ഷേത്രങ്ങളിൽ വിശേഷാൽപൂജകൾ,വഴിപാടുകൾ,മ ണ്ഡലഭജന അന്നദാനം എന്നിവ ഉണ്ടായിരിക്കും. അയ്യപ്പന്മാർക്ക് വിരിവെച്ച് വിശ്രമിക്കാൻ സൗകര്യമുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആവശ്യമെങ്കിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദിവസവും അന്നദാനവും ഉണ്ടായിരിക്കും. പ്രധാന ക്ഷേത്രങ്ങളിൽ ഇൻഫർമേഷൻ കൗണ്ടറും ദീപാരാധനയ്ക്കു ശേഷം കെ.എസ്.ആർ.ടി.സി.യുടെ ബസ് സർവീസും ഉണ്ടായിരിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0