1500 കോടി ചെലവ്, 152 മീറ്റ‍ർ ഉയരം; കരുത്താകാൻ ലുലുവിൻ്റെ ഇരട്ട ടവ‍റുകൾ; ദക്ഷിണേന്ത്യയിലെ ഏറ്റവും വലുത്

Jun 28, 2025 - 08:49
1500 കോടി ചെലവ്, 152 മീറ്റ‍ർ ഉയരം; കരുത്താകാൻ ലുലുവിൻ്റെ ഇരട്ട ടവ‍റുകൾ; ദക്ഷിണേന്ത്യയിലെ ഏറ്റവും വലുത്

കൊച്ചി : കേരളത്തിലെ ഐടി മേഖലയ്ക്ക് കരുത്താകാൻ ലുലു ഗ്രൂപ്പിൻ്റെ ഇരട്ട ടവറുകൾ മിഴി തുറക്കുന്നു. കൊച്ചി കാക്കനാട് സ്മാർട്ട് സിറ്റിയിൽ പൂർത്തിയായ ഇരട്ട ടവറുകൾ ജൂൺ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 1500 കോടി ചെലവിൽ നിർമിച്ച സമുച്ചയം ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഉയരം കൂടിയതുമാണ്. 152 മീറ്ററാണ് ടവറുകളുടെ ഉയരം.

ഐടി സമുച്ചയത്തിലെ അഭിമുഖമായി നിൽക്കുന്ന രണ്ട് ടവറുകളിൽ 30 വീതം നിലകളാണ് ഉള്ളത്. 12.74 ഏക്കറിലാണ് സമുച്ചയം സ്ഥിതിചെയ്യുന്നത്. ആകെ 35 ലക്ഷം ചതുരശ്രയടി ആണ് പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളുള്ള ടവറുകളുടെ വിസ്തീർണം. 25 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് സ്പേസിനായി ഒരുക്കിയിരിക്കുന്നത്. 30,000ത്തിലധികം ഐടി ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ടവറുകൾക്ക് ഉണ്ട്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ അരലക്ഷത്തിലധികം ഐടി ജീവനക്കാർക്ക് ജോലി ചെയ്യാവുന്ന തലത്തിലേക്ക് ഐടി പാർക്കുകളെ ഉയർത്തുകയാണ് ലുലു ഗ്രൂപ്പിൻ്റെ ലക്ഷ്യം.

രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ബ്ലോക്കിൽ വൈവിധ്യമാർന്ന ഓഫീസ് സജ്ജീകരണങ്ങളുണ്ട്. 600 പേർക്ക് ഇരിക്കാവുന്ന നൂതന സൗകര്യങ്ങളോട് കൂടിയ കോൺഫറൻസ് ഹാളും ഇവിടെ സ്ഥിതിചെയ്യുന്നു. അമിനിറ്റി ടവറിൻ്റെ ഒന്നാം നിലയിൽ ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ടാണ് ഉള്ളത്. സമുച്ചയത്തിൽ ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.

മൂന്ന് നില‌കളിൽ വിശാലമായ പാർക്കിങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നിലധികം എൻട്രികളും എക്സിറ്റുകളും ഉണ്ട്. ആകെ 4500 കാറുകൾക്ക് പാർക്കിങ് ചെയ്യാൻ സാധിക്കും. 3200 കാറുകൾക്ക് റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാർക്ക് ചെയ്യാനുള്ള സൗകരമ്യമാണുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ ബാങ്കിങ് സംവിധാനമായിരിക്കും പ്രധാനമായും പ്രവർത്തിക്കുക. 100 ശതമാനം പവർ ബാക്കപ്പ്, 67 അതിവേഗ ലിഫ്റ്റുകൾ, 12 എസ്‌കലേറ്ററുകൾ എന്നിവയും ഇരട്ട ടവറുകളിലുണ്ട്.

അതേസമയം ഇരട്ട ടവറുകളിൽ നാല് കമ്പനികൾ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഡയനാമിറ്റ്‌, ഇ എക്‌സൽ, ഒപിഐ, സീലിയസ് കൺസൽട്ടിങ് എന്നീ കമ്പനിളാണ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2.45 ലക്ഷം ചതുരശ്രയടിയാണ് കമ്പനികൾ പാട്ടത്തിനെടുത്തത്. ഈ കമ്പനികളിലൂടെ മാത്രം തുടക്കത്തിൽ തന്നെ 2,500 ഓളം പേർക്ക് തൊഴിൽ ലഭിക്കും. നിലവിൽ ലുലുവിന്റെ രണ്ട് ഐടി പാർക്കിലുമായി 14,000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0