വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാകുമോ? ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി സൂചനാ സമരം നടത്തുമെന്നും ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. നിരക്ക് വർധന ഉൾപ്പെടെയുള്ള ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി ഉയർത്തുക 140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥി കൺസഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, അമിതമായി പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ബസ് ഉടമകൾക്ക് അമിതമായി സാമ്പത്തിക ബാധ്യതയുണ്ടാകുന്ന തരത്തിലുള്ള അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. പൊതു യാത്രാനിരക്ക് വർധന കൊണ്ട് സ്വകാര്യം ബസ് ഉടമകളേക്കാൾ നേട്ടമുണ്ടാക്കുന്നത് കെഎസ്ആർടിസി മാത്രമാണെന്നും സ്വകാര്യ ബസുടമകൾ ആരോപിച്ചു.
പൊതു യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ, ജനറൽ കൺവീനർ ടി ഗോപിനാഥൻ എന്നിവർ പറഞ്ഞു.
What's Your Reaction?






