സ്കൂളുകളിൽ ലഹരി വേണ്ട; നെയിം സ്ലിപ്പുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്, ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നു

Subscribe സ്കൂളുകളിലെ ലഹരി ഉപയോഗം തടയാൻ പ്രത്യേക നെയിം സ്ലിപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സിനിമാ താരങ്ങളുടെയും സ്പോർട്സ് താരങ്ങളുടെയും കാരിക്കേച്ചറിൽ കുട്ടികൾക്ക് മനസിലാകുന്ന തരത്തിലെ ക്യാപ്ഷനുകൾ ഉൾപ്പെടുത്തും. പുതുതലമുറയിൽ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനാണിത്.

Jun 1, 2025 - 10:03
സ്കൂളുകളിൽ ലഹരി വേണ്ട; നെയിം സ്ലിപ്പുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്, ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിയ്‌ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രത്യേക നെയിം സ്ലിപ്പ് പുറത്തിറക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ സ്കൂളുകളിൽ നെയിം സ്ലിപ്പ് വിതരണം ചെയ്യും. സിനിമാ താരങ്ങളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടേയും കാരിക്കേച്ചറില്‍ കുട്ടികള്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകൾ ഉള്‍പ്പെടുത്തും.

ദിവസം പലപ്രാവശ്യം കുട്ടികൾ ബുക്കുകള്‍ നോക്കുന്നതിനാൽ സന്ദേശം കുട്ടികളിലെത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതുതലമുറയില്‍ ലഹരിയ്‌ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആലപ്പുഴ ജില്ലയില്‍ പ്രത്യേക നെയിം സ്ലിപ്പുകൾ പുറത്തിറക്കിയിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയത്. ഇത് വിജയമായതിനെ തുടര്‍ന്നാണ് ലഹരിക്കെതിരായി നെയിം സ്ലിപ്പ് പുറഞ്ഞെടുക്കുന്നത്.

അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെ അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുകളുടെ വില്‍പനയ്ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്.

ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആൻ്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനെതിരെ സംസ്ഥാനത്ത് കര്‍ശന നടപടി സ്വീകരിച്ചു. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് നടപ്പിലാക്കി വരുന്നു.

ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനകളിലൂടെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചതായി വകുപ്പ് വ്യക്തമാക്കി..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0