"വേടന്റെ പരിപാടിയുടെ ഡിസ്‌പ്ലേ കേബിളുകള്‍ കിടന്നത് പാടത്ത് വെള്ളത്തിനടിയില്‍": ആരോപണങ്ങളുമായി ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യന്റെ കുടുംബം

വേടന്റെ പരിപാടിക്കായി വേദി തയ്യാറാക്കുന്നതിനിടയിൽ മരിച്ച ടെക്നീഷ്യൻ ലിജു ഗോപിനാഥിന്റെ കുടുംബം ആരോപണങ്ങളുമായി രംഗത്ത്. മഴ നനഞ്ഞ പാടത്താണ് ഡിസ്‌പ്ലേ തയ്യാറാക്കേണ്ടി വന്നതെന്നാണ് ആരോപണം. ഇതാണ് ഷോക്കേൽക്കാൻ കാരണമായത്.

May 17, 2025 - 16:23
"വേടന്റെ പരിപാടിയുടെ ഡിസ്‌പ്ലേ കേബിളുകള്‍ കിടന്നത് പാടത്ത് വെള്ളത്തിനടിയില്‍": ആരോപണങ്ങളുമായി ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യന്റെ കുടുംബം

ഹൈലൈറ്റ്:

  • ആവശ്യമായ നിയമനടപടികള്‍ ഉണ്ടായില്ലെങ്കിൽ പരാതി
  • വലിയ തുക ലോണെടുത്താണ് ലിജു ഡിസ്‌പ്ലേ വാങ്ങിയതെന്ന് കുടുംബം പറയുന്നു
  • ഭാര്യ ആതിരയുടെയും മകളുടെയും സ്വര്‍ണം പണയപ്പെടുത്തിയിരുന്നു

തിരുവനന്തപുരം: കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ സംഗീതപരിപാടിയുടെ സംഘാടകർക്കെതിരെ ആരോപണങ്ങളുമായി വൈദ്യുതാഘാതമേറ്റ് മരിച്ച ടെക്‌നീഷ്യന്‍ ലിജു ഗോപിനാഥിന്റെ കുടുംബം. സംഘാടകരുടെ ഭാഗത്തു നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായത്. മഴ നനഞ്ഞു കിടന്ന പാടത്താണ് വൈദ്യുതി കേബിളുകളെല്ലാം കിടന്നിരുന്നത്. ഇതാണ് ഷോക്കേൽക്കാൻ കാരണമായത്.

വൈകുന്നേരം നാലുമണിയോടെ പാടത്ത് സ്റ്റേജിന് സമീപത്തായി ഡിസ്‌പ്ലേവെയ്ക്കുന്നതിനിടയിൽ അപകടം നടന്നിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിജു മരിച്ചിരുന്നു. രാത്രി എട്ടിനാണ് പരിപാടി നടക്കേണ്ടിയിരുന്നത്. മരണം നടന്ന വിവരം ഏറെ നേരം സംഘാടകർ മറച്ചുവെച്ചു.

പതിനായിരക്കണക്കിന് ആളുകളാണ് പരിപാടിക്ക് എത്തിച്ചേർന്നത്. എന്നാൽ സ്ഥലത്തെ സുരക്ഷാ സൗകര്യങ്ങൾ പരിമിതമായിരുന്നു. പോലീസ് സന്നാഹവും കുറവായിരുന്നു. ഇക്കാരണത്താലാണ് ജനങ്ങൾ അതിക്രമം കാണിച്ചപ്പോൾ പോലീസിന് ശരിയായി ഇടപെടാൻ കഴിയാതിരുന്നത്. അതിനനുസരിച്ചുള്ള സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല

കുടുംബത്തിന്റെ ആരോപണങ്ങൾ

 

  • സുരക്ഷാ സൗകര്യങ്ങൾ പരിമിതമായിരുന്നു
  • പോലീസ് സന്നാഹം കുറവായിരുന്നു
  • ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ സംഘം, ആംബുലന്‍സ് സേവനം, മതിയായ വോളണ്ടിയേഴ്‌സ് എന്നിവ ഉണ്ടായിരുന്നില്ല.
  • സംഘർഷമുണ്ടായപ്പോൾ സ്ഥലത്തുണ്ടായിരുന്ന കുറച്ച് പോലീസുകാർക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കേണ്ടി വന്നു
  • ലിജുവിന്റെ മരണവാര്‍ത്ത സംഘാടകർ മറച്ചുവെക്കാൻ ശ്രമിച്ചു.
  • വളരെ വൈകിയ ശേഷമാണ് പ്രോഗ്രാം കാന്‍സല്‍ ചെയ്തതായി സംഘാടകർ അറിയിച്ചത്
  • തിരക്ക് കാരണം വേടന് സ്റ്റേജില്‍ എത്താന്‍ സാധിക്കില്ല എന്നാണ് സംഘാടകർ കാണികളോട് പറഞ്ഞത്. ഇത് കാണികളെ പ്രകോപിപ്പിച്ചു.
  • മരണത്തിനുശേഷം സംഘാടകര്‍ കുടുംബത്തെ വിളിക്കുക പോലും ചെയ്തില്ല.
  • ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരുന്ന കേബിളുകളെല്ലാം പാടത്ത് വെള്ളത്തിനടിയില്‍ ആയിരുന്നു. ഇതാണ് വൈദ്യുതാഘാതം ഏല്‍ക്കാന്‍ കാരണം.

വലിയ തുക ലോണെടുത്താണ് മരിച്ച ലിജു ഡിസ്‌പ്ലേ വാങ്ങിയതെന്ന് കുടുംബം പറയുന്നു. ഭാര്യ ആതിരയുടെയും മകളുടെയും സ്വര്‍ണം പണയപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലിജു. ഇപ്പോൾ ലോൺ ബാക്കിയായിരിക്കുകയാണ്. അത് എങ്ങനെ അടക്കുമെന്ന് അറിയില്ലെന്ന് ആതിര പറയുന്നു.

ആവശ്യമായ നിയമനടപടികള്‍ ഉണ്ടായില്ലെങ്കിൽ പരാതിയുമായി മുഖ്യമന്ത്രിയേയും ഉന്നത പോലീസ് മേധാവികളെയും വകുപ്പുകളെയും സമീപിക്കുമെന്ന് ആതിര പറഞ്ഞു. ഡിസ്‌പ്ലേക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

ചിറയിന്‍കീഴ് സ്വദേശിയാണ് മരിച്ച ലിജു ഗോപിനാഥ്. രാത്രി എട്ടിന് നടക്കേണ്ടതായിരുന്നു പരിപാടി. ഇതിനായി വൈകുന്നേരം നാലുമണിയോടെ പാടത്ത് സ്റ്റേജിന് സമീപത്തായി ഡിസ്‌പ്ലേ വെയ്ക്കുകയായിരുന്നു അദ്ദേഹം. അപകടമുണ്ടായ ഉടന്‍തന്നെ സംഘാടകർ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ലിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0