രാത്രി മഴ തകർത്തുപെയ്തു; കേരളത്തിൽ ഇന്നും മഴ തന്നെ, കാലാവസ്ഥാ പ്രവചനം ഇങ്ങനെ
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം കഴിഞ്ഞദിവസത്തേത് പോലെ ഇന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടില്ല
ഹൈലൈറ്റ്:
- കേരളത്തിൽ മഴയ്ക്ക് സാധ്യത
- വരുംദിവസങ്ങളിൽ ശക്തമാകും
- ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: മൺസൂൺ അടുത്തതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നലെ രാത്രി സംസ്ഥാനമെമ്പാടും മഴ ലഭിച്ചു. ഇന്നും എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഇന്ന് എവിടെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
മെയ് 15, 18 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ, മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസം പ്രത്യേക ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസ ഭാഗമായി കേരളാ തീരത്ത് 15 - 05 - 2025 (ഇന്ന്) ന് രാത്രി 11:30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസ ഭാഗമായി 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർ ജാഗ്രത പാലിക്കണം.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
- ശനിയാഴ്ചവരെ തെക്കൻ തമിഴ്‌നാട് തീരംത്തും ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നിട്ടുള്ള കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറേ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 - 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
- ഇന്നും നാളെയും ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 - 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
- ഞായറാഴ്ച തെക്കൻ തമിഴ്‌നാട് തീരത്തും ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0