മലയാളികൾക്കിനി അതിവേഗയാത്ര; ദേശീയപാത 66 ആറുവരിപ്പാത പൂർത്തിയാകുന്നു, തിരുവനന്തപുരം - കാസർകോട് 9 മണിക്കൂറിലെത്താം
കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആറുവരിപ്പാതയിലൂടെ സഞ്ചരിക്കാൻ കേരളം

കൊച്ചി: സംസ്ഥാനത്ത് ദേശീയപാത 66 ആറുവരിപ്പാത നിർമാണം അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. ഈ വർഷം അവസാനത്തോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ആറുവരിപ്പാതയിൽ യാത്ര സാധ്യമാകുന്ന തരത്തിലാണ് നിർമാണ പ്രവൃത്തി. 19 സ്ട്രെച്ചുകളിലായി നിർമിക്കുന്ന ദേശീയപാത പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിൻ്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് 9 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാം.
പല സ്ട്രെച്ചുകളുടെയും നിർമാണം 90 ശതമാനമത്തിലധികം പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നിലവിൽ ദേശീയപാത 66ലൂടെയുള്ള യാത്രയ്ക്ക് 14 മണിക്കൂറോളമാണ് സമയമെടുക്കുന്നത്. എന്നാൽ ആറുവരിപ്പാത യാഥാർഥ്യമാകുന്നതോടെ യാത്രാസമയം ഒൻപതായി ചുരുങ്ങും. 644 കിലോമീറ്ററോളം ദൈർഘ്യത്തിലാണ് സംസ്ഥാനത്തെ ആറുവരിപ്പാത നിർമാണം.
സംസ്ഥാനത്തെ പ്രദാന നഗരമായ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ പാതയിലൂടെ മൂന്ന് മണിക്കൂറിൽ താഴെ സമയം മാത്രം മതി. എൻഎച്ച് 66ൽ പരമാവധി വേഗപരിധി 100 കിലോമീറ്ററാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഏഴു സ്ട്രെച്ചുകളാണ് നിർമാണം പൂർത്തിയായിരിക്കുന്നത്. നീലേശ്വരം ടൗൺ ആർഒബി, കാരോട് - മുക്കോല, മുക്കോല - കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി - മാഹി ബൈപാസ്, മൂരാട് - പാലോളി പാലം എന്നിങ്ങനെ തുടങ്ങിയ റീച്ചുകളാണിവ.
രാമനാട്ടുകര - വളാഞ്ചേരി ആറുവരിപ്പാത നിർമാണം 95 ശതമാനവും വളാഞ്ചേരി - കാപ്പിരിക്കാട് സ്ട്രെച്ചിൻ്റെ നിർമാണം 96 ശതമാനവും പൂർത്തിയായി. തലപ്പാടി - ചെങ്കള. കോഴിക്കോട് ബൈപാസ് എന്നിവിടങ്ങളിൽ 90 ശതമാനവും ചെങ്കള - നീലേശ്വരം, നീലേശ്വരം - തളിപ്പറമ്പ്, തളിപ്പറമ്പ് - മുഴപ്പിലങ്ങാട്, കാപ്പിരിക്കാട് - തളിക്കുളം എന്നിവിടങ്ങളിൽ 75 ശതമാനത്തിലധികവും നിർമാണം പൂർത്തിയായി.
നിർമാണവേഗം കൂട്ടാനും സുരക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളയിൽ ദേശീയപാത അതോറിറ്റി അധികൃതരുമായി യോഗം ചേരുന്നുണ്ട്. ഓരോ ജില്ലയിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലും യോഗം ചേർന്ന് നിർമാണ പുരോഗതി വിലയിരുത്തുന്നു. 57815 കോടി രൂപ ചെലവിട്ട് ആറുവരിയായി ദേശീയപാത നിർമിക്കുന്നത് സിഗ്നലുകളില്ലാതെയാണ്.
What's Your Reaction?






