പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റിൽ ഉണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്ലസ് വൺ പ്രവേശനം 2025 ലെ ആദ്യ അലോട്ട്മെൻ്റ് പട്ടിക പുറത്ത്. https://hscap.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് പട്ടിക പരിശോധിക്കാം. ജൂൺ മൂന്നിന് രാവിലെ 10 മണിമുതൽ ജൂൺ അഞ്ചിന് വൈകിട്ട് അഞ്ചുമണിവരെ പ്രവേശനം നേടാം

Jun 3, 2025 - 11:57
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റിൽ ഉണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്‌ വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ 'First Allot Results' ലിങ്കിലൂടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം. അലോട്ട്മെൻ്റ് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ജൂൺ മൂന്നിന് രാവിലെ 10 മണിമുതൽ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷിതാവിനോടൊപ്പം ഹാജരായാണ് പ്രവേശനം നേടേണ്ടത്. ജൂൺ അഞ്ചിന് വൈകിട്ട് അഞ്ചുമണിവരെ പ്രവേശനം നേടാൻ സമയമുണ്ട്.

ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷനു ശേഷം സ്കൂ‌ളിൽ ഒടുക്കാം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളു. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്‌ടാനുസരണം താൽക്കാലിക പ്രവേശനമോ സ്‌ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല.

താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളുളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല.

ആദ്യ അലോട്ട്മെൻറിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കുക. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദിഷ്ഠ സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

അലോട്ട്മെന്റ് ലെറ്ററിൻ്റ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർഥിയും രക്ഷകർത്താവും ഒപ്പുവെച്ചിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ ഈ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽനിന്നു ലഭ്യമാകാത്ത വിദ്യാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കും.

പ്രവേശനത്തിനായി വിദ്യാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ/ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കും. ആവശ്യമെങ്കിൽ സ്കൂൾ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ റിസൾട്ടിന്റെ സാധുത ഉറപ്പാക്കണമെന്നാണ് നിർദേശം. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിൻ്റെയും സ്വഭാവ സർട്ടിഫിക്കറ്റിൻ്റെയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0