കേരളത്തിൽ പുതിയ നാല് റെയിൽവേ സ്റ്റേഷനുകൾ; ചെങ്ങന്നൂർ പമ്പ റെയിൽപാത ഉടൻ യാഥാർഥ്യമാകുമോ? അന്തിമ സർവേയ്‌ക്ക്‌ റെയിൽവേ

Chengannur Pamba Railway line: പുതിയ റെയിൽപാത യാഥാർഥ്യമായാൽ ശബരിമല തീർഥാടകർക്കും മലയോര ജനതയ്ക്കും അത് പ്രയോജനപ്പെടും

May 17, 2025 - 16:23
കേരളത്തിൽ പുതിയ നാല് റെയിൽവേ സ്റ്റേഷനുകൾ; ചെങ്ങന്നൂർ പമ്പ റെയിൽപാത ഉടൻ യാഥാർഥ്യമാകുമോ? അന്തിമ സർവേയ്‌ക്ക്‌ റെയിൽവേ

കൊച്ചി: ചെങ്ങന്നൂർ പമ്പ റെയിൽപാത അന്തിമ സർവേയുമായി റെയിൽവേ മുന്നോട്ട് പോകാൻ ഒരുങ്ങിയതോടെ പുതിയ നാല് റെയിൽവേ സ്റ്റേഷനുകൾക്ക് കളമൊരുങ്ങുന്നു. ചെങ്ങന്നൂർ - പമ്പ പാതയുടെ അന്തിമ സർവേയ്‌ക്ക്‌ 1.88 കോടിയാണ്‌ റെയിൽവേ നീക്കിവച്ചത്‌. അങ്കമാലി - എരുമേലി ശബരി റെയിൽ പാതയ്‌ക്ക്‌ അംഗീകാരം നൽകണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെടുന്ന അതേ സാഹചര്യത്തിലാണ് പമ്പ റെയിൽ പദ്ധതിയ്ക്ക് തുക നീക്കിവെച്ചത്. ഇതോടെ ശബരി റെയിൽ പദ്ധതി പ്രതീക്ഷകൾ മങ്ങി.

ശബരി പദ്ധതിയുടെ നിർമാണത്തിനുള്ള ചെലവിൽ പകുതി വഹിക്കാൻ തയ്യാറാണെന്ന്‌ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ പദ്ധതിയിൽ തുടർ ആലോചനകൾ നടന്നില്ലെന്നാണ് റിപ്പോർട്ട്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മലയോര മേഖലകളിലൂടെ കടന്നുപോകുന്ന അങ്കമാലി - എരുമേലി ശബരി റെയിൽ പാത യാഥാർഥ്യമായാൽ 14 പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കുമായിരുന്നു.

നിർദ്ദിഷ്ട പമ്പ പാതയിൽ പുതിയ നാല് സ്റ്റേഷനുകളാണ് ഒരുങ്ങുക. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പാതയിൽ ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിവിടങ്ങളിലാകും ഈ സ്റ്റേഷനുകൾ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പമ്പ വരെ 59.23 കിലോമീറ്ററാണു പാതയുടെ നീളം.

എസ്റ്റിമേറ്റ് തുക 6,480 കോടി രൂപയാണെങ്കിലും പൂർത്തിയാകുമ്പോഴേക്കും ഇത് 7208.24 കോടിയായി ഉയരും. പൂർത്തീകരണ കാലാവധി 5 വർഷമാണ്. പരമാവധി വേഗശേഷി 200 കിലോമീറ്റർ ആയതുകൊണ്ട് തന്നെ, ശബരിമല തീർഥാടന കാലത്ത് വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് പാതയിൽ സർവീസ് നടത്താൻ കഴിയും.

നിർദ്ദിഷ്ട പാതയ്ക്കായി 213.687 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരിക. ഇതിൽ 127.038 ഹെക്ടർ സ്വകാര്യഭൂമിയും 81.367 ഹെക്ടർ വനഭൂമിയും ഉൾപ്പെടും. ചെങ്ങന്നൂർ - പമ്പ റോഡ് യാത്രയ്ക്കു മൂന്ന് മണിക്കൂറിലേറെ സമയം വേണ്ടിവരും. റെയിൽ പാത വന്നാൽ സമയം ലാഭിക്കാം, റോഡിലെ തിരക്കുകൾ ഒഴിവാകുന്നതിലോടെ ശബരിമല സീസണിലെ ഗതാഗതകുരുക്കിന് ഉൾപ്പെടെ പരിഹാരമാകും.

അങ്കമാലി - എരുമേലി ശബരി പദ്ധതിക്ക് 3810 കോടിയായിരുന്നു ചെലവ്‌ പ്രതീക്ഷിച്ചിരുന്നത്. ഇതിൽ 1900 കോടിയാണ്‌ കേരളം വഹിക്കാമെന്ന്‌ കേന്ദ്രത്തെ അറിയിച്ചത്‌. 1997ൽ പ്രഖ്യാപിച്ച ഈ പാതയ്ക്ക് 111 കിലോമീറ്റർ നീളമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0