ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം; നേട്ടത്തിലേക്ക് എത്തിച്ചത് ഈ ഘടകങ്ങൾ

Jun 28, 2025 - 08:38
ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം; നേട്ടത്തിലേക്ക് എത്തിച്ചത് ഈ ഘടകങ്ങൾ

ഇടുക്കി: ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി ഇടുക്കി മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തെ തെരഞ്ഞെടുത്തു. കേന്ദ്ര വനം - പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2020 - 2025ലെ മാനേജ്‌മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷന്‍ (എംഇഇ) റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്.

92.97 % മാര്‍ക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്. ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളെ ആസ്പദമാക്കി ആഗോള നിലവാരത്തിലുള്ള ഐയുസിഎന്‍ - ഡബ്ല്യുസിപിഎ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് കേരളം ദേശീയതലത്തില്‍ തന്നെ മുന്നിലെത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസവ്യവസ്ഥയാല്‍ ശ്രദ്ധേയമാണ് ഇരവികുളം. ലോകത്ത് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്നതും കടുത്ത വംശനാശ ഭീഷണി നേരിടുന്നതുമായ അതീവ സംരക്ഷണ പ്രാധാന്യമർഹിക്കുന്ന വന്യജീവികളാണ് നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകൾ.

നീലക്കുറിഞ്ഞി ഉള്‍പ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും അപൂര്‍വതയാണ്. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ - ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തവും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു.

മികച്ച സംരക്ഷണവും പരിപാലനവും സാധ്യമാക്കിയ കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എകെ ശശീന്ദ്രന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ അംഗീകാരം ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ സുവർണജൂബിലിക്ക് സമര്‍പ്പിക്കുന്നതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0