അതുകൊണ്ട് വേണ്ട ജനങ്ങളേ സ്വയരാജ്യം'; മുസ്ലിം ലീഗുകാർ സ്വാതന്ത്ര്യം വേണ്ടായെന്ന് പാടിയവരെന്ന് ടികെ ഹംസ

മുസ്ലിം ലീഗ് സ്വാതന്ത്ര്യം വേണ്ടാ എന്ന് പാടി നടന്നവരാണെന്ന് ടികെ ഹംസ ആരോപിച്ചു. നിലമ്പൂരിൽ തനിക്ക് ലഭിച്ച വിജയം ലീഗുകാരുടെ വോട്ടുകൾ കൊണ്ടു കൂടിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എം സ്വരാജിന് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി.

Jun 1, 2025 - 09:58
അതുകൊണ്ട് വേണ്ട ജനങ്ങളേ സ്വയരാജ്യം'; മുസ്ലിം ലീഗുകാർ സ്വാതന്ത്ര്യം വേണ്ടായെന്ന് പാടിയവരെന്ന് ടികെ ഹംസ

നിലമ്പൂർ: ദേശീയപ്രസ്ഥാന കാലത്ത് സ്വാതന്ത്ര്യം വേണ്ടാ എന്ന് പാടി നടന്നവരാണ് മുസ്ലിം ലീഗെന്ന് മുതിർന്ന സിപിഎം നേതാവ് ടികെ ഹംസ. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഹംസയുടെ ഈ പ്രസ്താവന. സ്വാതന്ത്ര്യത്തിനു മുമ്പ് ലീഗുകാർ പാടി നടന്നിരുന്നതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പാട്ടുകളും ടികെ ഹംസ പാടി.

''ഇന്ത്യായെന്ന പതിക്ക് സ്വയംഭരണം

കിട്ടാനാശിച്ചും കൊണ്ടെന്തിനെടോ

തകരാറിനു പോണിക്കാലത്ത്.

ഇത്തറയും മരിയാദയിലെന്നെന്നും

ഈ നാട് ഭരിക്കാൻ ഇത്തറ നല്ലൊരു

മന്നവനുണ്ടോ ലോകത്ത്!"

അഞ്ചാം ജോർജ് ചക്രവർത്തിയെക്കുറിച്ച് മുസ്ലിം ലീഗുകാർ പാടി നടന്നിരുന്ന പാട്ടാണിതെന്ന് ടികെ ഹംസ പറഞ്ഞു.

"ഒട്ടും സ്വയഭരണത്തിനും ഞെളിയണ്ട

പോലീസുകാരുടെ തല്ലു കൊണ്ടിളിയണ്ട

ഒരു കാലവും തകരുമോ മഹാരാജൻ

അതുകൊണ്ട് വേണ്ട ജനങ്ങളേ സ്വയരാജ്യം."

ഇന്ത്യക്കാർക്ക് സ്വയംഭരണം വേണ്ടായെന്നും, ബ്രിട്ടീഷ് സാമ്രാജ്യം ഒരിക്കലും തകരാൻ പോകുന്നില്ലെന്നുമാണ് അന്ന് മുസ്ലിം ലീഗ് പാടിയതെന്ന് ടികെ ഹംസ ആരോപിച്ചു. ഇത്തരം വഞ്ചനകൾക്ക് എതിരായ വികാരമുള്ളവരെല്ലാം തനിക്ക് വോട്ട് ചെയ്തതു കൊണ്ടാണ് നിലമ്പൂരിൽ തനിക്ക് ജയിക്കാൻ കഴിഞ്ഞത്. ലീഗുകാരുടെ കൂടി വോട്ടു കൊണ്ടാണ് താൻ എന്നും ജയിച്ചത്.

അതെസമയം ആദ്യമായി സ്വന്തം നാട്ടിൽ ജനവിധി തേടുന്ന എം സ്വരാജിന് ഇന്ന് രാവിലെ പാർട്ടി പ്രവര്‍ത്തകർ അത്യുജ്ജ്വല സ്വീകരണമാണ് നൽകിയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ സ്വരാജിനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വരവേറ്റു.സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സ്വീകരണത്തിൽ സന്നിഹിതനായിരുന്നു.

അതെസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ എടുത്തിരിക്കുന്നത്. തനിക്ക് യുഡിഎഫിൽ വേണ്ടത്ര സ്വീകരണം ലഭിക്കാഞ്ഞതിനു പിന്നിൽ വിഡി സതീശനും മറ്റുചില 'ശക്തികളു'മാണെന്ന് അൻവർ പറയുന്നു. അൻവർ ഈ തിരഞ്ഞെടുപ്പിൽ വലിയ ഘടകമല്ലെന്ന നിലപാടാണ് യുഡിഎഫ് നേതാക്കൾ പൊതുവെ എടുക്കുന്നത്. എന്നാൽ അൻവറിനെ മാറ്റി നിർത്തില്ലെന്ന് കെ സുധാകരനെപ്പോലുള്ള നേതാക്കൾ പറയുന്നുമുണ്ട്.

അൻവറിന്റെ സാന്നിധ്യത്തെ കാര്യമാക്കുന്നില്ല എന്ന നിലപാടിലാണ് എൽഡിഎഫും നിലവിൽ മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ എൽഡിഎഫ് - യുഡിഎഫ് രാഷ്ട്രീയ മത്സരം നടക്കുമെന്നാണ് രണ്ടുകൂട്ടരും കരുതുന്നത്. അൻവറിന്റെ കാര്യത്തിൽ രണ്ട് മുന്നണിയിലും ഏതാണ്ട് ഒരേ അഭിപ്രായം രൂപപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0