സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക; ഗതാഗത മേഖലയുടെ തകർച്ച തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം: സിഐടിയു

റിപ്പോർട്ട് :ബൈഷികുമാർ

Jun 29, 2026 - 17:25
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക; ഗതാഗത മേഖലയുടെ തകർച്ച തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം: സിഐടിയു

സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ മൂലം സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ പ്രതിസന്ധിയിൽ വിമർശനവുമായി സിഐടിയു സംസ്ഥാന കമ്മിറ്റി. സൗജന്യ യാത്രാ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് സഹായകരമാണെങ്കിലും കൃത്യമായ സാമ്പത്തിക ബദൽ സംവിധാനങ്ങളില്ലാത്തത് പൊതുഗതാഗത-സ്വകാര്യ ബസ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.​പദ്ധതി തുടങ്ങി കേവലം 12 ദിവസങ്ങൾ പിന്നിടുമ്പോൾ സ്വകാര്യ ബസ് വ്യവസായത്തിന് 25 കോടി രൂപയുടെ വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. നിലവിൽ സർവീസ് നടത്തുന്ന 11,936 ബസുകളിൽ ഓരോന്നിനും പ്രതിദിനം 1500 രൂപ മുതൽ 4000 രൂപ വരെ വരുമാന നഷ്ടം രേഖപ്പെടുത്തുന്നുണ്ട്. പ്രതിസന്ധി താങ്ങാനാവാതെ 800ൽ അധികം ബസുകൾ ഇതിനകം സർവീസ് നിർത്താൻ ‘ജി-ഫോം’ സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞെന്നും 4000ത്തോളം ബസുകൾ കൂടി ഇതിന് തയ്യാറെടുക്കുകയാണ് എന്നും സിഐടിയു വ്യക്തമാക്കി.

ഒരുകാലത്ത് 30,000-ത്തിലധികം ബസുകളുണ്ടായിരുന്ന സ്ഥാനത്താണ് ഈ തകർച്ച. ഒരു ബസിന് സർവീസ് നടത്താൻ കിലോമീറ്ററിന് 50 മുതൽ 54 രൂപ വരെ ചെലവ് വരുമ്പോൾ, ജീവനക്കാരുടെ കൂലി ഇനത്തിൽ മാത്രം പ്രതിദിനം 4000 രൂപയോളം ആവശ്യമുണ്ട്. ഇതിനിടെ ഡീസൽ വിലയിൽ ലിറ്ററിന് 7.86 രൂപയുടെ വർദ്ധനവുണ്ടായത് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് നിലവിലെ പ്രതിസന്ധി മറികടക്കാൻ ഒട്ടും അപര്യാപ്തമാണ്. കൂടാതെ, ഈ പരിഷ്കാരം സംസ്ഥാനത്തെ 15 ലക്ഷത്തിലധികം വരുന്ന ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികളുടെ ദൈനംദിന വരുമാനത്തെയും ബാധിക്കുകയും അവരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുകയും ചെയ്തിട്ടുണ്ടെന്നും സിഐടിയു ചൂണ്ടിക്കാട്ടി.ഓർഡിനറി ബസ്സുകളിൽ യാത്ര സൗജന്യമാക്കിയതു വഴി കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം വരുന്നത് 1200 കോടിയോളം രൂപയുടെ ഭീമമായ നഷ്ടമാണ്. എന്നാൽ ഇതിനായി സർക്കാർ ബജറ്റിൽ വകയിരുത്തിയത് കേവലം 600 കോടി രൂപ മാത്രമാണ്. ഈ വലിയ സാമ്പത്തിക പ്രതിസന്ധി പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും.

​ഈ സാഹചര്യത്തിൽ, ‘പ്രിയദർശിനി’ പദ്ധതി വഴി കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതയും ബജറ്റ് വിഹിതത്തിന് പുറത്തുള്ള നഷ്ടവും സർക്കാർ പൂർണ്ണമായും സബ്‌സിഡിയായി നികത്തേണ്ടതുണ്ട്.

കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. അതോടൊപ്പം തകർച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തിനും ഓട്ടോ-ടാക്സി തൊഴിലാളികൾക്കുമായി അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. പൊതുഗതാഗത സംവിധാനങ്ങളെയും അതിനെ വിശ്വസിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങളെയും സംരക്ഷിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള ഒരു സമഗ്ര പൊതുഗതാഗത നയം രൂപീകരിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0