CBSE 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്നു; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 17, 2026 - 10:10
CBSE 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്നു; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

 

ന്യൂഡൽഹി: സി.ബി.എസ്.ഇ സ്കൂളുകളിൽ 9, 10 ക്ലാസുകളിലെ ഭാഷാ പഠനത്തിൽ വൻ പരിഷ്കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. 2026-27 അധ്യയന വർഷം മുതൽ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് മെയ് 15-ന് ബോർഡ് പുതിയ സർക്കുലർ പുറത്തിറക്കി. ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും അനുസൃതമായാണ് ഈ മാറ്റം. 2026 ജൂലൈ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.പുതിയ പരിഷ്കാരപ്രകാരം വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം. വിദേശ ഭാഷ പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മറ്റ് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അത് തിരഞ്ഞെടുക്കാൻ സാധിക്കൂ. അല്ലെങ്കിൽ വിദേശ ഭാഷ നാലാമതൊരു അധിക ഭാഷയായി പഠിക്കാവുന്നതാണ്.ഏപ്രിൽ മാസം തന്നെ ഈ അധ്യയന വർഷം ആരംഭിച്ചതിനാൽ, താൽക്കാലികമായ ചില ക്രമീകരണങ്ങളോടെയായിരിക്കും പരിഷ്കാരം നടപ്പിലാക്കുക. പുതിയ പാഠപുസ്തകങ്ങൾ ലഭ്യമാകുന്നത് വരെ, നിലവിലെ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ മൂന്നാമത്തെ ഭാഷയ്ക്കായി ആറാം ക്ലാസിലെ പാഠപുസ്തകങ്ങൾ ഉപയോഗിക്കാമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രാദേശിക സാഹിത്യകൃതികളും കഥകളും കവിതകളും അധികമായി ഉൾപ്പെടുത്താൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ ജൂൺ 15-നകം പുറത്തിറക്കും.ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ സ്കൂളുകൾക്ക് താൽക്കാലിക ഇളവുകളും അനുവദിച്ചിട്ടുണ്ട്. സ്കൂളുകൾ തമ്മിൽ അധ്യാപകരെ പങ്കിടുക, ഹൈബ്രിഡ് ക്ലാസുകൾ നൽകുക, വിരമിച്ച അധ്യാപകരെയും തത്തുല്യ യോഗ്യതയുള്ള പി.ജി ബിരുദധാരികളെയും നിയമിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ സ്കൂളുകൾക്ക് സ്വീകരിക്കാം. ഇതിനായുള്ള 19 ഇന്ത്യൻ ഭാഷകളിലെ ആറാം ക്ലാസ് പുസ്തകങ്ങൾ ജൂലൈ ഒന്നിന് മുൻപ് സ്കൂളുകളിൽ ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0