കോവിഡ് മഹാമാരി: മരിച്ചവരുടെ എണ്ണം 70 ലക്ഷമല്ല, 2.2 കോടി! ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

റിപ്പോർട്ട് :ബൈഷികുമാർ

May 14, 2026 - 16:25
കോവിഡ് മഹാമാരി: മരിച്ചവരുടെ എണ്ണം 70 ലക്ഷമല്ല, 2.2 കോടി! ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്-19 മഹാമാരി ലോകത്ത് വിതച്ച നാശം, ഔദ്യോഗിക കണക്കുകളേക്കാൾ ഭീകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ 'വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026' റിപ്പോർട്ട്. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ ലോകത്താകെ ഏകദേശം 2.21 കോടിയിലധികം മനുഷ്യർ ഈ രോഗം മൂലം മരിച്ചെന്ന ഞെട്ടിക്കുന്ന കണക്കാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത് പ്രകാരം 70 ലക്ഷം പേർ കോവിഡ് രോഗബാധ മൂലം മരിച്ചെന്നായിരുന്നു ഇതുവരെയുള്ള കണക്ക്. ഇതിന്റെ മൂന്നിരട്ടിയോളം മരണങ്ങൾ നടന്നുവെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.കോവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ചവരെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായ വർഷം 2021 ആയിരുന്നു. വൈറസിന്റെ അപകടകാരികളായ വകഭേദങ്ങൾ പടർന്നുപിടിച്ച 2021-ൽ മാത്രം 1.04 കോടിയിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ത്രീകളേക്കാൾ 50 ശതമാനം അധികം പുരുഷന്മാരാണ് ഈ കാലയളവിൽ മരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്തിന്റെ ആരോഗ്യ പുരോഗതിയെ ഈ മഹാമാരി ഒരു പതിറ്റാണ്ടോളം പുറകോട്ട് വലിച്ചെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആഗോളതലത്തിൽ ആയുർദൈർഘ്യത്തിലും ആരോഗ്യനിലവാരത്തിലും കൈവരിച്ച നേട്ടങ്ങളെല്ലാം 2021-ഓടെ ഇല്ലാതായി. രോഗം ബാധിച്ചവരിൽ 85 വയസ്സിനു മുകളിലുള്ളവരുടെ മരണനിരക്ക് യുവാക്കളേക്കാൾ പത്തിരട്ടിയാണെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

കോവിഡിന് പിന്നാലെ മറ്റ് ആരോഗ്യ മേഖലകളിലും തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. എച്ച്ഐവി, ക്ഷയം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ പുരോഗതികൾ ഉണ്ടായെങ്കിലും, 2015-ന് ശേഷം മലേറിയ ബാധിതരുടെ എണ്ണത്തിൽ 8.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മാതൃ-ശിശു ആരോഗ്യം, ജീവിതശൈലീ രോഗങ്ങൾ എന്നിവയെ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പലയിടത്തും മന്ദഗതിയിലാണെന്നും, ലോകം ആരോഗ്യരംഗത്ത് നേരിടുന്ന അസമത്വം ഇന്നും പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0