മൂർഖൻ പുറത്തിറങ്ങുന്നത് പകലും വെള്ളിക്കെട്ടൻ രാത്രിയിലും; മറ്റ് പ്രധാന വ്യത്യാസങ്ങൾ ഇവ

റിപ്പോർട്ട് :ബൈഷികുമാർ

Apr 21, 2026 - 14:59
മൂർഖൻ പുറത്തിറങ്ങുന്നത് പകലും വെള്ളിക്കെട്ടൻ രാത്രിയിലും; മറ്റ് പ്രധാന വ്യത്യാസങ്ങൾ ഇവ

ചൂട് വർദ്ധിച്ചതോടെ പാമ്പുകൾ അസ്വസ്ഥരും അക്രമകാരികളുമാകുന്നതായി വനംവകുപ്പ് അധികൃതർ. അസഹനീയ ചൂട് കാരണം വീടുകളിലും പരിസരത്തും പാമ്പുകളുടെ സാന്നിദ്ധ്യം ഭീഷണിയാകുന്നു. ഇടക്കിടെ പെയ്യുന്ന വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തി​റങ്ങുകയാണ്.

സാധാരണ ഗതിയിൽ 28 ഡിഗ്രി താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും. താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടി എത്തുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കടി ഏൽക്കുന്നത് മൂർഖൻ പാമ്പിന്റേതാണ്. മൂർഖൻ പകലാണ് സാധാരണ പുറത്തിറങ്ങുന്നത്. ശംഖുവരയൻ എന്നറിയപ്പെടുന്ന വെള്ളിക്കെട്ടൻ രാത്രിയിലും. രാത്രിയിലും പകലും അണലി വർഗത്തിൽപ്പെട്ട പാമ്പുകളെ കാണാറുണ്ട്. ഇതിൽ ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന പാമ്പുകളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്. അണലിയുടെ കടിയേറ്റാണ് കൂടുതൽ ആളുകളും മരിക്കുന്നത്.മൂർഖനും ശംഖുവരയനും വീടിനോട് ചേർന്നുള്ള മരങ്ങളിലൂടെയും വള്ളികളിലൂടെയും മതിലിലൂടെയും അകത്തെത്താൻ സാദ്ധ്യതയുണ്ട്. ഓവുചാലുകൾ വഴിയും അകത്തെത്താം. എന്നാൽ അണലി വർഗത്തിൽപ്പെട്ടവ മരത്തിലൂടെയോ വള്ളികളിലൂടെയോ അകത്തുവരില്ല.പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകരുത്. പേടി കാരണം ശരീരത്തിൽ അഡ്രിനാലിൽ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും. ശരീരത്തിലേക്കു കയറിയ വിഷം രക്ത ചംക്രമണത്തിലേക്കു പെട്ടെന്നു കയറുകയും ചെയ്യും. അതിനാൽ ആദ്യം ചെയ്യേണ്ടത് പാമ്പുകടിയേറ്റ വ്യക്തിയെ പരിഭ്രാന്തനാകാതെ വിശ്രമിക്കാൻ അനുവദിക്കണം. കടിയേറ്റ ഭാഗം കെട്ടരുത് ഇവിടെ മുറിവുണ്ടാക്കാനോ രക്തം പിഴിഞ്ഞു കളയാനോ ശ്രമിക്കരുത്. എത്രയും വേഗം ആന്റി വെനം സൗകര്യമുള്ള തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0