കോട്ടക്കലില്‍ മൂന്ന് വീടുകളുടെ വിറകുപുരകള്‍ക്ക് തീയിട്ടു, വീടുകളിലേക്ക് തീ പടർന്നു; പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് പരാതി

റിപ്പോർട്ട് :ബൈഷികുമാർ

Apr 13, 2026 - 14:21
കോട്ടക്കലില്‍ മൂന്ന് വീടുകളുടെ വിറകുപുരകള്‍ക്ക് തീയിട്ടു, വീടുകളിലേക്ക് തീ പടർന്നു; പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് പരാതി

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് ചുടലപ്പാറ പൂഴിക്കുന്നില്‍ സാമൂഹികവിരുദ്ധര്‍ വീടുകള്‍ക്ക് തീയിട്ടതായി പരാതി. കല്ലിങ്ങല്‍ സൈതലവി, പാലപ്പുറ ഷൗക്കത്തലവി, മുജീബ് എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗികമായി തീ പിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. തീ പടരുന്നതു കണ്ട വീട്ടുകാര്‍ ഓടി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വീടുകളുടെയും വിറകുപുരകള്‍ക്കാണ് തീയിട്ടത്. തീയിട്ട മൂന്ന് വിറകുപുരകളില്‍ പാലപ്പുറ ഷൗക്കത്തലവിയുടെ പുര പൂര്‍ണമായും കത്തി നശിച്ചു. കിടപ്പുമുറിയിലേക്കും തീ പടര്‍ന്നു. ഇതോടെ ഫര്‍ണിച്ചറുകളും സീലിങ് ഫാനും കത്തിനശിച്ചു. മൂന്നു വീടുകളിലും ഒരേ സമയം തീ പടര്‍ന്നതിനാല്‍ ബോധപൂര്‍വം അപായപ്പെടുത്താനുള്ള ശ്രമമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.വീടുകളില്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. തീ കൂടുതലായി പടരുന്നതിനു മുൻപ് നിയന്ത്രിക്കാനായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. വീട്ടുകാര്‍ കോട്ടക്കല്‍ പൊലീസിന് പരാതി നല്‍കി. മലപ്പുറം ഡി വൈഎസ്പിയും ഫോറന്‍സിക് സംഘവും സ്ഥലം സന്ദര്‍ശിച്ചു. കോട്ടക്കല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്നേയാണ് ഏക്കറുകളോളം വരുന്ന വെറ്റില കൃഷി വെട്ടിനശിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0