_കൊല്ലം, പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് കെട്ടിടങ്ങൾ നാടിനു സമർപ്പിച്ചു_
റിപ്പോർട്ട് :ബൈഷി കുമാർ
_കൊല്ലം, പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് കെട്ടിടങ്ങൾ നാടിനു സമർപ്പിച്ചു_
*10 വർഷത്തിനിടെ സംസ്ഥാനത്ത് 12 പുതിയ ഫയർ സ്റ്റേഷനുകൾ നിർമിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ*
കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് 12 പുതിയ ഫയർ സ്റ്റേഷനുകളാണ് പ്രവർത്തനമാരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി നിർമിച്ച കടപ്പാക്കട ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണ മേഖലയിൽ അതുല്യമായ സേവനമാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് നൽകുന്നത്. ഫയർ സ്റ്റേഷനുകളെ ആധുനികവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോബോട്ടിക്സ്, സ്കൂബ ഡൈവിംഗ് പരിശീലനം, അഡ്വാൻസ്ഡ് റെസ്ക്യൂ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ശാക്തീകരണം, സാമൂഹിക ബോധവൽക്കരണ മോക്ക് ഡ്രിൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ദുരന്തസാഹചര്യങ്ങൾ നേരിടാൻ പൂർണസജ്ജമാണ് മേഖല. അടൂർ, ഉപ്പള, മാനൂർ, ഇടുക്കി എന്നിവിടങ്ങളിലും ഫയർ സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായി. മാവൂർ, നേരിയമംഗലം, രാജാക്കാട് എന്നിവിടങ്ങളിൽ പുതിയവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. ചരിത്രത്തിലാദ്യമായി 100 ഫയർ വുമൺ തസ്തികകൾ അനുവദിച്ചു. ജലാശയങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ ഫലപ്രദമായ രക്ഷാപ്രവർത്തനത്തിന് ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് ജലസുരക്ഷ വിദഗ്ധ പരിശീലനകേന്ദ്രം സ്ഥാപിച്ചു. സംസ്ഥാനത്ത് 10,000 സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെ സേന രൂപീകരിച്ചു. അഗ്നിരക്ഷാസേനയിൽ ജനങ്ങളുടെ വിശ്വാസം കൂടുതൽ വർധിപ്പിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പത്തനാപുരം ഫയർ സ്റ്റേഷനിൽ നടത്തിയ ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ അധ്യക്ഷനായി. 2.98 കോടി രൂപയാണ് കെട്ടിട നിർമാണത്തിന് ചെലവഴിച്ചത്. മികച്ച പ്രവർത്തനം കാഴ്ചവച്ച പത്തനാപുരം ഫയർ സ്റ്റേഷൻ ജീവനക്കാർക്ക് പുതിയ മന്ദിരം ഊർജമേകും- മന്ത്രി പറഞ്ഞു.
കടപ്പാക്കട ഫയർ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ എം നൗഷാദ് എംഎൽഎ അധ്യക്ഷയായി. 97. 53 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ല ഫയർ ഓഫീസ് കെട്ടിടം നിർമിച്ചത്. 80 ലക്ഷം വകുപ്പിൽ നിന്നും ബാക്കി തുക എംഎൽഎ ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്.
തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എം ബിജു, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം മഞ്ജു, ജില്ലാ പഞ്ചായത്ത് മെമ്പർ വിഷ്ണു ഭഗത്, ഫയർ സ്റ്റേഷൻ ഓഫീസർ ഷിജു ആര്‍, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ, ഡയറക്ടർ അരുൺ അൽഫോൺസ്, ജില്ലാ ഫയര്‍ ഓഫീസർ എന്‍ രാമകുമാർ, ജോയിൻ്റ് ആർ ടി ഒ ശരത്ചന്ദ്രൻ, വാർഡ് കൗൺസിലർ ടി ഷൈനി, സ്റ്റേഷൻ ഓഫീസർ ശിവകുമാർ, സിവിൽ ഡിഫൻസ് വൊളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0