*അരിവാള്‍ കോശ രോഗികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 24, 2026 - 00:05
*അരിവാള്‍ കോശ രോഗികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു*

കേരള ന്യൂസ്‌ മീഡിയ 

*ഐ & പി.ആര്‍.ഡി*

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*

*വാര്‍ത്താകുറിപ്പ്-1*

*23. 02. 2026*

*...............................*

*അരിവാള്‍ കോശ രോഗികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു*

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി ജില്ലയിലെ അരിവാള്‍ കോശ രോഗികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. മാനന്തവാടി കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന പരിപാടി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു. 500 ഗ്രാം വീതം ചെറുപയര്‍, വന്‍പയര്‍, മുതിര, കടല, 100 ഗ്രാം വീതം ബദാം, നെയ്യ് എന്നിവയാണ് കിറ്റിലുള്ളത്. സിക്കിള്‍സില്‍ പേഷ്യന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.ഡി സരസ്വതി മന്ത്രിയില്‍ നിന്നും ആദ്യ കിറ്റ് ഏറ്റുവാങ്ങി. അരിവാള്‍ കോശ രോഗികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കിയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്. അരിവാള്‍ കോശ രോഗനിര്‍ണയത്തിന് ആധുനികവും കൃത്യവുമായ എച്ച്.പി.എല്‍.സി പരിശോധനാ സംവിധാനം വയനാട് മെഡിക്കല്‍ കോളേജില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സിക്കിള്‍ സെല്‍ ഓപ്പറേഷന്‍ യൂണിറ്റില്‍ ലഭ്യമാണ്.

അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ, അരിവാള്‍ കോശ രോഗികള്‍ക്ക് പ്രത്യേക ചികിത്സാ യൂണിറ്റ് എന്നിവ മെഡിക്കല്‍ കോളേജില്‍ സജ്ജമാണ്. കല്‍പ്പറ്റ ഗവ ജനറല്‍ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികളിലും വിവിധ കുടുംബാരോഗ്യ -പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അരിവാള്‍ കോശ രോഗികള്‍ക്കുള്ള ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ബ്ലഡ് എക്സ്ചേഞ്ച് ട്രാന്‍സ്ഫ്യൂഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കാന്‍ സിക്കിള്‍ സെല്‍ സ്റ്റാറ്റസ് ഐഡി കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം ചെയ്തു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ് അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മൃദുലാല്‍, സിക്കിള്‍സെല്‍ പേഷ്യന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് എന്നിവര്‍ സംസാരിച്ചു. 

*ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു*

ദേശീയ സമ്പാദ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എം.പി.കെ.ബി.വൈ ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആവര്‍ത്തന നിക്ഷേപ സമാഹരണത്തില്‍ മികച്ച പ്രകടനം കൈവരിച്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലെ എം.പി.കെ.ബി.വൈ ഏജന്റ്മാരെ അനുമോദിച്ചു. സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ദ്വാരക എ.യു.പി സ്‌കൂളിന് അവാര്‍ഡ് നല്‍കി. വിവിധ പോസ്റ്റല്‍ സേവിങ്‌സ് പദ്ധതികളെ കുറിച്ച് പരിപാടിയില്‍ ക്ലാസ്സ് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സംഗമം കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് വി.ശാരദ ഉദ്ഘാടനം ചെയ്തു. ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ അഖില്‍ ജോണ്‍ അധ്യക്ഷനായ യോഗത്തില്‍ പോസ്റ്റ് മാസ്റ്റര്‍ പി.പി ബാബു, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ രോഷ്ണി, നിഷ, പ്രീത, എം.പി.കെ.ബി.വൈ ഹെഡ് ക്വാര്‍ട്ടേഴ്സ് കണ്‍വീനറായ എം.അസ്മ, എല്‍സി ജോര്‍ജ്ജ് എന്നിവര്‍ സ,ംസാരിച്ചു.

*സമഗ്ര വികസനത്തിന് ജനകീയ പദ്ധതികള്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്* 

നാടിന്റെ സമഗ്ര വികസനത്തിന് ജനകീയ പദ്ധതികള്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അവര്‍. വര്‍ക്കിങ് ഗ്രൂപ്പുകളിലും വികസന സെമിനാറിലും ഉള്ള ജനപങ്കാളിത്തം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കരട് പദ്ധതി രേഖ പ്രകാശനവും സംസ്ഥാനതലത്തില്‍ മികച്ച വിജയം കൈവരിച്ചവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ അനുമോദിച്ചു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ആര്‍ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി റെനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി ജെനിമോള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സുരേഷ് ബാബു വാളല്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ സുന്ദരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

*എം.എല്‍.എ ഫണ്ട് അനുവദിച്ചു*

ടി സിദ്ദീഖ് എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്തിലെ ഇടിയംവയല്‍ സ്മാര്‍ട്ട് അങ്കണവാടി നിര്‍മാണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. 

*എം.ബി.എ പ്രവേശനം: അഭിമുഖം ഫെബ്രുവരി 26 ന്*

സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) പ്രവേശനത്തിന് ഫെബ്രുവരി 26 രാവിലെ 10 മുതല്‍ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടത്തുന്നു. കേരള സര്‍വ്വകലാശാല, എ.ഐ.സി.റ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ് വിഷയങ്ങളില്‍ സ്പെഷലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ.മാറ്റ്/ സി.മാറ്റ് / ക്യാറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.Inkv-a.ac.in ല്‍ ലഭിക്കും. ഫോണ്‍- 9496366741, 8547618290

*ദര്‍ഘാസ് ക്ഷണിച്ചു*

സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 87 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 26 ന് രാവിലെ 11 നകം നല്‍കണം. ഫോണ്‍- 04936 261300.   

 *ഉപദേശക സമിതി യോഗം 11 ന്* 

വന മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി മിനിമം വേതനം ഉപദേശക സമിതി യോഗം മാര്‍ച്ച് രണ്ടിന് രാവിലെ 11 ന് കളക്ടറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കും. ബന്ധപ്പെട്ട മേഖലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

*ഗതാഗത നിയന്ത്രണം*

കാക്കവയല്‍- കൊളവയല്‍- കാര്യമ്പാടി- കേണിച്ചിറ- പുല്‍പ്പളളി റോഡില്‍ കൊളവയല്‍ മുതല്‍ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 24) മുതല്‍ മൂന്ന് ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടക്കല്‍, ക്വാറി റോഡ് പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 24) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0